വാഷിങ്ടൺ: ‘മറക്കാൻ കഴിയാത്തതാണ് കഴിഞ്ഞ നാല് വർഷങ്ങൾ. വൈറ്റ് ഹൗസിലെ ഞങ്ങളുടെ സമയം ഞാനും ഡൊണാൾഡും അവസാനിപ്പിക്കുമ്പോൾ, നിരവധി ആളുകളുടെ സ്നേഹത്തിന്റെ കഥകൾ, ദേശഭക്തി, ദൃഢനിശ്ചയം എന്നിവയൊക്കെ ഞാന്‍ ഹൃദയത്തിലേറ്റി കൊണ്ടു പോവുകയാണ്‘ – പ്രഥമ വനിത മെലാനിയ ട്രംപിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള വിടവാങ്ങൽ പ്രസംഗം. സൈനിക കുടുംബങ്ങള്‍ക്കും മഹാമാരി കാലത്ത് മുന്നണിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും ആദരം അറിയിക്കാനും മെലാനിയ മറന്നില്ല.
ഏതെങ്കിലും തരത്തിൽ ഞങ്ങളെ സേവിച്ചിട്ടുള്ള എല്ലാ അംഗങ്ങളോടും അനുപമമായ സേവനം കാഴ്ചവച്ച നമ്മുടെ സൈന്യത്തോടും പറയാനുള്ളത് നിങ്ങളാണ് ഹീറോസ്, എന്റെ ചിന്തയിലും പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കും, എന്നാണ്. ഞങ്ങൾ എവിടെ പോകുമ്പോഴും അഭിവാദ്യം ചെയ്യുന്ന നിയമപാലകരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളെപ്പോഴും ജാഗ്രത പുലർത്തിയിരുന്നു. അതിന് എക്കാലവും ഞങ്ങൾ കടപ്പെട്ടവരായിരിക്കും.’ പ്രഥമ വനിത വാചാലയായി.
കൊറോണയുമായി ബന്ധപ്പെട്ടും അവർ സംസാരിച്ചു. വാക്സിന്റെ ഡോസുകൾ എടുത്ത് ഓരോ അമേരിക്കക്കാരനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ദുർബല വിഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും മെലാനിയ പറഞ്ഞു. നഴ്സുമാരോടും ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും ട്രക്ക് ഡ്രൈവർമാരോടും കോവിഡിനെതിരെ പോരാടി ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളോടും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.
‘വൈറ്റ് ഹൗസിലെത്തിയ കാലത്ത് പ്രോത്സാഹനം, കരുത്ത് പകരൽ, ദയയുടെ മൂല്യങ്ങൾ പഠിപ്പിക്കൽ തുടങ്ങി ഒരു അമ്മയെന്ന നിലയിൽ എനിക്കുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളുടെ പ്രതിഫലനം തന്നെയാണ് ഞാൻ കാഴ്ചവച്ചത്’. മെലാനിയ സന്ദേശത്തിൽ വ്യക്തമാക്കി. സമഗ്രതയും മൂല്യങ്ങളും ഒരിക്കലും നഷ്ടപ്പെടുത്താത്ത നമ്മൾ ഓരോരുത്തരുമാണ് ഈ രാജ്യത്തിന്റെ വാഗ്ദാനം. മറ്റ് വ്യക്തികളോട് പരിഗണന കാട്ടാൻ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ദൈനം ദിന ജീവിതത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക. അൻപതുകാരിയായ മെലാനിയ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
ഒന്നിച്ചുനിർത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭിന്നിപ്പിക്കുന്നവയെ മറികടന്ന് മുന്നേറുക. വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും നിങ്ങൾക്ക് മുൻപ് മറ്റുള്ളവരെയും എപ്പോഴും തിരഞ്ഞെടുക്കുക. രാജ്യത്തെ എല്ലാ ജനങ്ങളോടും പറയാനുള്ളത് ഇത് മാത്രമാണ്- നിങ്ങൾ എല്ലാവരും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. നന്ദി. ദൈവം നിങ്ങളെയും നമ്മുടെ രാജ്യത്തെയും അനുഗ്രഹിക്കട്ടെ – മെലാനിയ പറഞ്ഞു നിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: