മസാല ബോണ്ടു വഴി രാജ്യത്തിനു പുറത്തുനിന്ന് പണം കടമെടുത്തതിലൂടെ കിഫ്ബി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണെന്ന് സഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോര്‍ട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് ഇതുമൂലം സംജാതമായിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് കടമെടുത്തതില്‍ നിയമലംഘനമൊന്നുമില്ലെന്നും, ആര്‍ബിഐയുടെ അനുമതിയുണ്ടെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ധനമന്ത്രി തോമസ് ഐസക്കും ഇടതുമുന്നണി സര്‍ക്കാരും ഇതോടെ പൂര്‍ണമായും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇത്തരമൊരു അനുമതി നല്കാന് ആര്‍ബിഐക്ക് അധികാരമില്ലെന്നും സിഎജി എടുത്തുപറഞ്ഞിരിക്കുന്നു. ഭരണഘടനാപ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് കടമെടുക്കാന്‍ അധികാരമുള്ളൂ. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച കിഫ്ബി കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നു കയറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കടമെടുപ്പ് അനുവദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുമെന്നും, അത് വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും രൂക്ഷമായൊരു വിമര്‍ശനം സിഎജി നടത്തുന്നത്. ഗുരുതരമായ ഈ നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണ്.
കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ ന്യായീകരിച്ച് ധനമന്ത്രി തോമസ് ഐസക്കും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്ന വാദഗതികള്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. കിഫ്ബി എടുക്കുന്ന വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി എടുക്കുന്ന വായ്പയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും, സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ നിന്നാണ് ഇത് തിരിച്ചടയ്ക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം സെസ്, നികുതി വരുമാനം എന്നിവയിലൂടെയാണ് പണം തിരികെ നല്‍കുന്നതെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്നും, ബോഡി കോര്‍പ്പറേറ്റാണെന്നും വാദിച്ചുകൊണ്ടിരുന്ന തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കടക്കെണിയില്‍ അകപ്പെടുത്തി സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഒരിക്കലും കരകയറാനാവാത്ത പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിക്കുകയാണ് ഐസക്കിന്റെ ലക്ഷ്യമെന്ന ആരോപണം സിഎജി റിപ്പോര്‍ട്ടിലൂടെ ശരിയാണെന്ന് തെളിയുകയാണ്.
സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക് നിയമവിരുദ്ധമായി വെളിപ്പെടുത്തി എന്നതിന്റെ ഉത്തരം സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രാലയം വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമാണ് ധനമന്ത്രി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിനെയും, ധനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണെന്നു കണ്ട് പ്രതിരോധം തീര്‍ക്കുന്നതിനാണ് ഐസക്ക് വഴിവിട്ട് പെരുമാറിയത്. ഇതുവഴി സഭയുടെ അവകാശം ലംഘിച്ചിരിക്കുകയാണെന്ന പരാതിയില്‍ എത്തിക്സ് കമ്മിറ്റി ധനമന്ത്രിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്! എന്നാല്‍ കിഫ്ബിയെ ഭരണഘടനാ ലംഘനത്തിനുള്ള ഉപകരണമാക്കിയ ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാന്‍ ഐസക്കിന് അവകാശമില്ല. ഇങ്ങനെയൊരാള്‍ മന്ത്രിയായിരിക്കുന്നതു തന്നെ രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രിക്കെതിരെ നടപടിയെടുക്കില്ല. ഭരണഘടനാലംഘനം നടന്നിട്ടുള്ളതായി തെളിഞ്ഞിരിക്കെ സര്‍ക്കാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടണം. ധനമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: