ആലപ്പുഴ: സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളില്‍ ജി. സുധാകര പക്ഷത്തിന് തിരിച്ചടി. സമീപ കാലത്ത് പാര്‍ട്ടിയിലുണ്ടായ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ സുധാകര വിഭാഗത്തിന് ആധിപത്യമുള്ള ആലപ്പുഴ ജില്ലാ നേതൃത്വം പ്രതിസന്ധിയില്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും, സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുടെ നിലപാടുകളെ തള്ളുന്നത് അടുത്ത കാലത്ത് പതിവായി.
ഇതോടെ ജില്ലയിലെ പാര്‍ട്ടിയില്‍ തോമസ് ഐസക്ക് വിഭാഗം കരുത്താര്‍ജ്ജിച്ച് തുടങ്ങി. ജില്ലയുടെ ചുമതലക്കാരായ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് എന്നിവരുടെ ഇടപെടലുകളാണ് കടുത്ത അച്ചടക്കലംഘനങ്ങളെന്ന് വിലയിരുത്തപ്പെട്ടവയില്‍ പോലും നടപടിയെടുക്കാന്‍ കഴിയാതെ ജില്ലാ നേതൃത്വം കാഴ്ചക്കാരായി മാറാനിടയാക്കിയെതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഡിവൈഎഫ്ഐ നേതാവിനെ മാറ്റണമെന്ന് ജി. സുധാകരന്റെ നി ര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞതാണ് അവസാനത്തേത്. ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിക്ക് മന്ത്രിയെ പ്രേരിപ്പിച്ചത്. ഇതോടെ ഒരു വിഭാഗം സഖാക്കള്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സുധാകരനെ സംസ്ഥാന നേതൃത്വം തള്ളുകയും, പേഴ്സണല്‍ സ്റ്റാഫിനെ മാറ്റാനുള്ള തീരുമാനം തിരുത്തുകയുമായിരുന്നു.
ആലപ്പുഴ നഗരസഭാ ചെയര്പേഴ്സന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയെങ്കിലും, പിന്നീട് ഒഴിവാക്കി. വിശദീകരണം ലഭിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതാണ് ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായത്. മാത്രമല്ല, പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതുപോലെ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷം വീതം ഊഴമനുസരിച്ച് നല്കി എങ്ങനെയും പ്രശ്നം അവസാനിപ്പിച്ച് തലയൂരാനാണ് ഇപ്പോഴത്തെ നീക്കം.
ചെന്നിത്തല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായ വിജയമ്മ ഫിലേന്ദ്രനോട് രാജിവയ്ക്കാന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ രാജിവയ്ക്കാന്‍ തയാറായിട്ടില്ല. തനിക്ക് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കാന്‍ കഴിയുള്ളു എന്നാണ് വിജയമ്മയുടെ നിലപാട്. ഇവിടെയും ജില്ലാ നേതൃത്വം കാഴ്ചക്കാരായി. മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിലും ഇതുവരെ അന്തിമ തീരുമാനമെടുക്കാനായില്ല.
മുഹമ്മ പഞ്ചായത്തില്‍ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ മത്സരിച്ച് വി.എസ്. അച്യൂതാന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി. ചന്ദ്രന് നല്ല ഭൂരിപക്ഷത്തിന് ജയിച്ചിരുന്നു. ഇവിടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ലതീഷിന് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇവിടെയും നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. മേല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: