കൊച്ചി: പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല. പുറംമ്പോക്കിലെ കുടിലിലെ ജീവിതത്തിനിടയില്‍ ആകെയുണ്ടായിരുന്ന കൈവശാവകാശരേഖ ഇപ്പോള്‍ കാണാനില്ല. കഴിഞ്ഞ വര്‍ഷം കുറുപ്പംപടിയിലെ പുറംമ്പോക്കിലെ കുടിലിലേക്ക് രാജ്യത്തിന്റെ പദ്മ പുരസ്കാരം എത്തിയപ്പോഴാണ് ഏവരും ഇദ്ദേഹത്തിന്റെ മഹത്വവും ഒപ്പം സ്വന്തമായി ഒരു വീടില്ലെന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിപോരാളിയായും ജീവിതം ഉഴിഞ്ഞുവച്ച യാത്രയില്‍ സ്വന്തമായി ഒന്നും നേടാന്‍ കുഞ്ഞോല്‍ മാഷ് ശ്രമിച്ചിരുന്നില്ല.
കുഞ്ഞോല്‍ മാഷിന്റെ മഹത്വം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ നല്കി ആദരിച്ചപ്പോള്‍ ഒരുപാടുപേരും നിരവധി സംഘടനകളുമെത്തി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതിനായി താമസിക്കുന്ന പുറംമ്പോക്ക് ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസ്സിലായത്. വീട്ടില്‍ കുറച്ചൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലെ വീട് നിര്‍മിക്കാനുള്ള സ്കെച്ചും പ്ലാനും പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങാന്‍ സാധിക്കൂ. സേവാഭാരതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ വീട് നിര്‍മിച്ചു നല്കാന് തയാറാണ്. തടസ്സമായി നില്‍ക്കുന്നത് കൈവശാവകാശരേഖ കാണാതെ പോയതാണ്.
ആറു മാസത്തോളമായി തീരെ വയ്യാതെ വാടക വീട്ടിലാണ് കുഞ്ഞോല്‍ മാഷ് കഴിയുന്നത്. പഴയതുപോലെ അധികം യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. ഇടയ്ക്ക് ചെറുതുരുത്തിയില്‍ സേവാഭാരതിയുടെ വീടുദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ വീടിനു സമീപം നടന്നു തുടങ്ങി. അടുത്ത ദിവസം രായമംഗലം വില്ലേജ് ഓഫീസില്‍ പോയി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടുമോയെന്നറിയാന്‍ നോക്കണമെന്ന് കുഞ്ഞോല്‍ മാഷ് പറഞ്ഞു. അതിനുശേഷം വേണം വീടുപണിയെക്കുറിച്ച് ആലോചിക്കാന്‍.
മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല. എംബിബിഎസിന് പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന റാഗിങ്ങില്‍ പ്രതിഷേധിച്ച് പഠനം നിലച്ചപ്പോഴും ചെയ്യുന്നത് ശരിയാണെന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വ്യക്തിപരമായി എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആഗമാനന്ദ സ്വാമികളുടെ ഈ ശിഷ്യന് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആകാമായിരുന്നു. വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെയുള്ള ഈ ജീവിതയാത്രയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലെങ്കിലും ആരോടും പരിഭവമില്ലാതെ മുന്നോട്ടുപോകുകയാണ് കുഞ്ഞോല്‍ മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: