ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി സംബന്ധിച്ച് പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്ന് സുപ്രീംകോടതി. കോടതിയല്ല ക്രമസമാധാന വിഷയം തീരുമാനിക്കേണ്ടതെന്നും പരാമര്‍ശിച്ചു. ജനുവരി 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉള്‍പ്പെട്ട ബഞ്ച് നിലപാട് അറിയിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിക്കുമെന്നും റാലി തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ദല്‍ഹിയിലേക്ക് ആരെ പ്രവേശിപ്പിക്കണമെന്നത് ഉള്‍പ്പെടെ തീരുമാനിക്കേണ്ടത് ദല്‍ഹി പൊലീസ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാനപ്രശ്നങ്ങള്‍ തീരുമാനിക്കേണ്ടത് ദല്‍ഹി പൊലീസ് ആണ്. കോടതിയല്ല ഇക്കാര്യം ആദ്യം തീരുമാനമെടുക്കേണ്ട അധികാര കേന്ദ്രം.
അതിനാല്‍ ദല്‍ഹി പൊലീസ് എടുക്കേണ്ട തീരുമാനത്തില്‍ തങ്ങള്‍ എന്തിന് അഭിപ്രായം പറയണമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ഇതൊരു അസാധാരണ സാഹചര്യമെന്നും അതുകൊണ്ടു കോടതി ഇതിലൊരു നിലപാട് വ്യക്തമാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും പൊലീസിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും പറഞ്ഞിരുന്നതാണെന്ന് കോടതി ആവര്‍ത്തിച്ചു. കേസ് ഇനി ബുധനാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: