ന്യൂദല്‍ഹി: കര്‍ഷകര്‍ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റിപ്പബ്ലിക് ആഘോഷനാളില്‍ കര്‍ഷകര്‍ സംഘടിപ്പിക്കാനിടയുള്ള ട്രാക്ടര്‍ റാലിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്.
‘കര്‍ഷകര്‍ അവരുടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തും. നമ്മുടെ കര്‍ഷകര്‍ക്ക് ഒരു ക്രിയാത്മകസമീപനമുണ്ട്,’ രാജ്നാഥ് സിംഗ് പ്രതകരിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിന് ഒരു ദിവസം മുന്‍പേ ദില്ലി അതിര്‍ത്തിയില്‍ കൂട്ടംകൂട്ടമായി എത്താന്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപനസമിതി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരക്കിട്ടാണ് മൂന്ന് കാര്‍ഷികബില്ലുകള്‍ നടപ്പാക്കിയതെന്ന വിമര്‍ശനത്തിന് ‘ഇത് കഴിഞ്ഞ 15-16 വര്‍ഷമായുള്ള പ്രശ്നമാണെന്നും അത് എന്നെങ്കിലും ഒരുനാള്‍ പരിഹരിക്കേണ്ടതുണ്ടെന്നും’ ആയിരുന്നു മന്ത്രിയുടെ മറുപടി.
‘ഈ മൂന്ന് ബില്ലുകളും കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ്. ഒരു കര്‍ഷകനെന്ന നിലയില്‍ എനിക്ക് തോന്നുന്നത് ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ്. ഇനി പ്രശ്നമുണ്ടെങ്കില്‍ ബില്ലിലെ ഏത് ഭാഗമാണെന്ന് പറഞ്ഞാല്‍ അത് നോക്കാം,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: