മലപ്പുറം: നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ സിപിഎം നേതാവ് മാട്ടുമ്മല്‍ സലീം സ്ഥാനമേറ്റ ശേഷം ആദ്യാനുഗ്രഹം വാങ്ങാനെത്തിയത് നിലമ്പൂര്‍ കോവിലകത്തെ സീനിയര്‍ രാജയായ സത്യനാഥന് തമ്പാന്റെ മുന്നില്‍. മാട്ടുമ്മല്‍ സലീം തന്നെയാണ് തന്റെ ആദ്യാനുഗ്രഹത്തിന്റെ ചിത്രം ഫേസ് ബുക്ക് വഴി പങ്കുവെച്ചത്.
പക്ഷെ ഇതിന് കയ്യടിക്ക് പകരം സഖാക്കളില്‍ നിന്നും കിട്ടിയത് വിമര്‍ശനശരങ്ങള്‍. സി ഐടിയു ഏരിയാ പ്രസിഡന്റ് കൂടിയായ ചെയര്മാന് രാജകുടുംബത്തില്‍ പോയി അനുഗ്രഹം വാങ്ങിയത് അപമാനമായി എന്നായിരുന്നു സഖാക്കളുടെ വിമര്‍ശനം. രാജഭരണത്തിന്റെ അടയാളത്തിന് മുന്നില്‍ പോയി സാഷ്ടാംഗം നമിച്ചത് തെറ്റായിപ്പോയെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോവിലകം ഉള്‍പ്പെട്ട വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. അതും ഈ വിമര്‍ശനത്തിന് കാരണമായി. ഒപ്പം സിപിഎമ്മിന്റെ ഹിന്ദുവിരോധവും ഇസ്ലാമിക പ്രീണനവും വെളിവാക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ സൈബര്‍ സഖാക്കള്‍ വിളമ്പിയ വിമര്‍ശനങ്ങളത്രയും.
രാജാവ്, കോവിലകം തുടങ്ങിയ വാക്കുകള്‍ തട്ടുമ്പുറത്തേയ്ക്കെറിഞ്ഞ പാഴ്വാക്കുകളാണെന്നും ഇനിയും ഇതൊന്നും സഖാക്കളായി പൊടിതട്ടരുതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീമിനൊപ്പം സിപിഎം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്, വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്, കൗണ്‍സിലര്‍മാരായ കെ. റഹീം, പിഎം ബഷീര്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: