പാലക്കാട്: കൊച്ചി -ബെംഗളൂരു വ്യവസായ ഇനടനാഴിക്ക് സ്ഥലം ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയ്ക്ക് 346 കോടി രൂപ മുഖ്യമന്ത്രി കൈമാറി . കിഫ്ബിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇടനാഴിയുടെ ഭാഗമായി പാലക്കാട്ട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിനാണ് ആദ്യഘട്ടമായി ഭൂമി ഏറ്റെടുക്കുന്നത്. കണ്ണമ്പ്രയില്‍ 292.89 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. കിന്‍ഫ്രയാണ് കൊച്ചി -ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി.
ഭക്ഷ്യ സംസ്കരണം, ലൈറ്റ് എഞ്ചിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലാണ് ഇടനാഴിയുടെ ഭാഗമായി ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
വ്യാവസായ ഇടനാഴി പ്രദേശങ്ങളും നിര്‍ദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കരാര്‍ ഒപ്പു വച്ചിരുന്നു. പദ്ധതിക്ക് കീഴില്‍ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിയ്ക്കായി 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: