ഇടുക്കി: കിഴക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി നടപ്പാക്കിയ സ്ലീപ്പര്‍ ബസും, സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണം. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതാണ് സ്ലീപ്പര്‍ ബസ്. ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.
തുടര്‍ന്ന് ജനുവരി 1 മുതല്‍ ആരംഭിച്ച സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേവലം 80 കിലോമീറ്റര്‍ സര്‍വീസുള്ള ഇതില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ തിരക്ക് വച്ച് 3 സ്ലീപ്പറും സൈഡ് സീയിങ്ങില് നിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. നിലവില്‍ ഒരു ബസില്‍ 16 സ്ലീപ്പര്‍ സീറ്റുകളാണുള്ളത്. 3 ബസുകളിലായി 48 സ്ലീപ്പര്‍ സീറ്റുകളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാറിന് വേണ്ടി പ്രത്യേകമായി രണ്ട് സൈഡിലേക്കും എട്ടു സ്ലീപ്പര്‍ വീതം രണ്ട് കമ്പാര്ട്ട്മെന്റായുള്ള ബസിന്റെ നിര്‍മാണവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്ളവര്‍ ഗാര്ഡന് എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനിലെത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചിലവഴിക്കാന്‍ അവസരം ലഭിക്കും. പുതിയതായി ടാറ്റ റ്റീ മ്യൂസിയത്തിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തില്‍ എത്തുന്ന കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പര്‍ ബസിലെ താമസക്കാര്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: