തൃശൂര്‍: പണം തരും ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ് ചെറിയ തുകകള്‍ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് നല്‍കുന്നത്. എന്നാല്‍, തുക എടുത്തുകഴിയുമ്പോഴാണ് പണി കിട്ടുന്നത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയവര്‍ നിരവധിയാണ്.
മൊബൈല്‍ ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 2500, 5000, 10000 രൂപവരെയാണ് ഈ ആപ്പിലൂടെ ലോണ്‍ നല്‍കുന്നത്. ആധാര്‍ നമ്പരോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ, മറ്റ് ഐഡി പ്രൂഫുകളോ കൊടുത്താല്‍ ലോണ്‍ റെഡി. രേഖകള്‍ നല്കി അക്കൗണ്ട് നമ്പരും നല്കിയാല് മിനിറ്റുകള്‍ക്കുള്ളില്‍ പണം ക്രെഡിറ്റാകും.
സാധാരണ ബാങ്കിനെക്കാള്‍ കൂടുതല്‍ പലിശയാണ് ഈടാക്കുന്നത്. പ്രോസസിംഗ് ചാര്‍ജിന് ലോണ്‍ നല്കുന്ന തുക അനുസരിച്ച് ആയിരവും രണ്ടായിരവും രൂപവരെയാണ് ഈടാക്കുന്നത്. ലോണ്‍ നല്‍കുന്നതിന് മുന്‍പ് കൊടുക്കേണ്ട ആളുകളുടെ വിവരങ്ങല്‍ സോഷ്യല്‍ മീഡിയ വഴി കമ്പനി ശേഖരിക്കും. പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കി ലോണ്‍ നല്‍കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
ലോണ്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. നമ്മുടെ കോണ്ടാക്ട് ലിസ്റ്റ്, ഗാലറി എല്ലാം അവരുടെ സെര്‍വറില്‍ ലഭ്യമാകും. നമ്മുടെ വിവരങ്ങള്‍ കൈമാറുന്നതിന് സമ്മതമോയെന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ആളുകള്‍ ഇത് കാര്യമാക്കാതെ സമ്മതിച്ചു കൊടുക്കും.
ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ ആദ്യം ഫോണിലൂടെ വിളിക്കും. തമിഴ് മലയാളം, ഹിന്ദി ഭാഷകളിലാണ് വിളിക്കുന്നവര്‍ സംസാരിക്കുന്നത്. പിന്നെ നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മള് ലോണ്‍ എടുത്തതായുള്ള സന്ദേശമറിയിക്കുകയും നിങ്ങളുടെ പേരിലാണ് ലോണ്‍ എന്നറിയിക്കുകയും ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്യും. ലോണ്‍ അടച്ചില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണി മുഴക്കും. ഇങ്ങനെ ലോണെടുത്ത് ലക്ഷങ്ങള്‍ കടക്കെണിയിലായവരും ഉണ്ട്. ജില്ലയില്‍ നിരവധി യുവതി-യുവാക്കള്‍ ആപ്പുകള്‍ വഴി ലോണ്‍ എടുത്ത് തട്ടിപ്പിന് ഇരയായതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: