കൊച്ചി: ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ജസ്റ്റിസായിരിക്കെ അവസാന കാലത്ത് നടത്തിയ വിധികളും, വിരമിച്ചശേഷം നല്കിയ അഭിമുഖങ്ങളും കെമാല്‍ പാഷയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതകളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സീറ്റുണ്ടെങ്കില്‍ ഞാനുണ്ട് എന്നാണ് പാഷയുടെ പ്രഖ്യാപനം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിമര്‍ശകനാണ്. ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തെ മാത്രമല്ല, മോദി സര്‍ക്കാരിന്റെ നിലപാടുകളെയും എതിര്‍ത്തു നില്‍ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പാഷ നടത്തിയ പ്രസംഗങ്ങളും ഭരണഘടനയുടെ വിചിത്ര വ്യഖ്യാനങ്ങളും വിവാദമായിരുന്നു.
യുഡിഎഫ് രാഷ്ട്രീയത്തിലാണ് പാഷയുടെ നോട്ടം. യുഡിഎഫ് സീറ്റ് നല്കിയാല് മത്സരിക്കുമെന്നാണ് പറയുന്നത്. കളമശേരിയോ എറണാകുളമോ മണ്ഡലങ്ങള്‍ കിട്ടിയാല്‍ മത്സരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റ് കൊടുത്തില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സന്നദ്ധതയാണ് വിരമിച്ചപ്പോള്‍ പാഷ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ ഉദ്ഘാടനം ജനകീയ പദ്ധതിയായി നടപ്പാക്കിയപ്പോള്‍ അതിനെ ന്യായീകരിച്ച് പാഷ വന്നതോടെ ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ പോലെയായി. കെമാല്‍ പാഷയ്ക്ക് യുഡിഎഫ് സീറ്റ് നേടിയെടുക്കാന്‍ ചില കക്ഷികളും സംഘടനകളും അണിയറയില്‍ ശക്തമായി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: