കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ്( എം) നേതാവ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഇനി പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ എവിടെ നിന്നാകും നിയമസഭാ അങ്കത്തിന് ഇറങ്ങുകയെന്നാതേ അറിയാനുള്ളൂ.
കെ.എം. മാണി അരനൂറ്റാണ്ട് പാലാ നിലനിര്‍ത്തിയെങ്കിലും അവസാന നാളുകളില്‍ കഷ്ടിച്ച് കരകയറലായിരുന്നു. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും പാലായില്‍ വിശ്വാസക്കുറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് പതിനായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ നേടാനായെങ്കിലും രാഷ്ട്രീയ പോരാട്ടം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നേടാനാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയില്ല. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 10 ആയി കുറഞ്ഞു. മുത്തോലി ഉള്‍പ്പെടെ ചില പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടതും പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കി.
ജോസ് കെ. മാണിക്കു വേണ്ടി പാലായിലെ സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പനെ സിപിഎം തഴഞ്ഞ മട്ടാണ്. കാപ്പന് ഇടതുമുന്നണിയില്‍ നിന്ന്പോയി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നത് ഉറപ്പായിക്കഴിഞ്ഞു. കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി ഇടതുമുന്നണിയിലേക്ക് പോയ ജോസിനും കൂട്ടര്‍ക്കും മറുപടി നല്‍കുന്നതിനായി പി.ജെ. ജോസഫ് പാലാ സീറ്റ് ഇതിനകം തന്നെ പരസ്യമായി വാഗ്ദാനം ചെയ്തു കഴിഞ്ഞു.
ജോസിനുള്ളതുപോലെ ബന്ധുബലം കാപ്പനും മണ്ഡലത്തിലുണ്ട്. അതിനാല്‍ അനായാസ ജയത്തിന് പാലാ സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വത്തിനുള്ളത്. പതിനയ്യായിരത്തോളം വോട്ടുകളുടെ മേല്‍ക്കൈ നേടിയ കടുത്തുരുത്തിയാണ് സുരക്ഷിതമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലുള്ളത്. എന്നാല്‍ കെ.എം. മാണിയെ തോല്‍വിയറിയിക്കാത്ത പാലായെ കൈവിടാന്‍ ജോസിന് താല്പര്യവുമില്ല. സിപിഎമ്മിനും ജോസ് കെ. മാണി പാലായില്‍ മത്സരിക്കുന്നതിനോടാണ് താത്പര്യം.
പക്ഷേ, പാര്‍ട്ടി നേതൃനിരയിലെ ഒരുവിഭാഗം ഇതിനോട് ഒട്ടും യോജിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം ശക്തിപ്പെട്ടാല്‍ കടുത്തുരുത്തിയിലേക്ക് ചുവട് മാറാന്‍ ജോസ് കെ. മാണി നിര്‍ബന്ധിതനാകും. അങ്ങനെ വന്നാല്‍ വിശ്വസ്തനായ റോഷി അഗസ്റ്റിനായിരിക്കും പാലായില്‍ മത്സരിക്കാനുള്ള നറുക്ക് വീഴുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: