കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലായിരുന്ന സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് വിവാദമാകുന്നു. രണ്ട് ഘട്ടങ്ങളിലായി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇത്ര വേഗം തിരിച്ചുവരാന്‍ എങ്ങനെ കഴിഞ്ഞെന്ന് സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കളെയും ആശ്ചര്യപ്പെടുത്തുന്നു. എം.എം. ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, കെ.എ. ചാക്കോച്ചന് തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കുപോലും പാര്‍ട്ടി നടപടിയില്‍ നിന്ന് ഇത്ര എളുപ്പത്തില്‍ മോചിതരാകാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും എളമരം കരീം കമ്മീഷന് കുറ്റവിമുക്തനാക്കി, തിരികെയെത്തി. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനാണ് കഴിഞ്ഞ ജൂണില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും പ്രാഥമിക അംഗത്വം ആറുമാസത്തേക്ക് സസ്പെന്റ്് ചെയ്യാനും തിരുമാനിച്ചത്. സസ്പെന്ഷന് കാലാവധി അവസാനിച്ചതിന് തൊട്ടു പിന്നാലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുളള തീരുമാനം എടുത്തത്.
പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഘടകം ഏതെന്ന് പിന്നീട് തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തിരിച്ചെടുക്കാനുള്ള സെക്രേട്ടറിയറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
സക്കീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് മുന്‍ ലോക്കല്‍ സെക്രട്ടറി കെ.കെ. ശിവനാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സക്കീറിന് അഞ്ച് വീടുകള്‍ ഉണ്ടെന്നും നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നുമായിരുന്നു പരാതി. ഇത് അന്വേഷിക്കാന്‍ സംസ്ഥാന സമിതിയംഗം സി.എം. ദിനേശ് മണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
പാര്‍ട്ടിയോട്, ദുബായ്യിലേക്ക് എന്ന് പറഞ്ഞ് സക്കീര്‍ നടത്തിയ വിദേശ യാത്രകള്‍ ബാങ്കോക്കിലേക്കായിരുന്നുവെന്ന് കമ്മീഷന് കണ്ടെത്തി. അവസാന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സക്കീര്‍ എറണാകുളത്തെ ഒരു സഹകരണ ബാങ്കില്‍ 75 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടത്.
സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗവും പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദത്തില്‍പ്പെട്ട അയ്യനാട് സഹകരണ ബാങ്ക് ഡയറ്കടര്‍ ബോര്‍ഡ് അംഗം സിയാദിന്റെ ആത്മഹത്യാക്കുറിപ്പിലും സക്കീറിന്റെ പേരുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിക്കാനും ജില്ലാ കമ്മിറ്റി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സക്കീറിനെതിരെ നാല് അന്വേഷണ കമ്മീഷനെയാണ് ഇതുവരെ പാര്‍ട്ടി നിയോഗിച്ചത്. ഈ സാഹചര്യത്തില്‍ ജനസ്വാധീനമില്ലാത്ത സക്കീറിനെ നിയമസഭ തെരഞ്ഞെടുപ്പിനായി ഫണ്ട് സമാഹരണ ശേഷി മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഎമ്മിനുള്ളിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. കോടികളുടെ ടാര്‍ഗറ്റ് സക്കീറിന് പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: