കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും അകറ്റി, സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ കൈകളിലേക്ക്. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ പദയാത്ര നടത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്. കേന്ദ്രത്തിന്റെ കാര്‍ഷിക നയത്തിനെതിരെയുള്ള പ്രക്ഷോഭം എന്ന പേരിലാണ് പദയാത്ര സംഘടിപ്പിച്ചതെങ്കിലും ലക്ഷ്യം നേതൃപദവിയിലേക്കുള്ള തിരിച്ചുവരവ് തന്നെ. പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കാന് പാളത്തൊപ്പി ധരിച്ചാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്.
കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളുടെ മറവില്‍ മുസ്ലിം ലീഗിന്റെ താല്‍പ്പര്യത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടത് നേതൃത്തിന്റെ പോരായ്മയാണെന്ന് മുന്നണിയിലെ മുഖ്യകക്ഷിയായ മുസ്ലിംലീഗും ഒപ്പം ആര്‍എസ്പിയും തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡിന്റെ കൂടി താല്‍പ്പര്യ പ്രകാരമാണ് ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: