മട്ടാഞ്ചേരി: വേനൽ തുടങ്ങും മുൻപേ കൊച്ചിയിൽ കൂടി വെള്ളക്ഷാമം രൂക്ഷമായി. തീരദേശ മേഖലയിലും പശ്ചിമകൊച്ചിയിലും മാലിന്യം കലർന്ന ദുർഗന്ധം വമിക്കുന്ന കുടിവെള്ളമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടി വെള്ളലഭ്യത രൂക്ഷമായിട്ടും ജില്ലാ നഗരസഭ ജല അതോറിറ്റി ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതിൽ ജനകീയ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതി ദിനം രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂർ നേരമാണ് പശ്ചിമകൊച്ചിയിൽ വാട്ടർ അതോറിറ്റി പമ്പിങ്ങ് നടക്കുന്നത്.
ജനസാന്ദ്രതയുള്ളതും ചേരി മേഖലയുമായ പശ്ചിമകൊച്ചിയിൽ വർഷങ്ങളായി കുടിവെള്ള ലഭ്യത പരിഹാരം കാണാത്ത പ്രശ്നമായി നിലനില്ക്കുകയാണ്. 1966കളിൽ സ്ഥാപിച്ച പൈപ്പുകൾക്ക് പകരമായി കോടികൾ ചിലവിട്ട് പുതിയ പെപ്പുകൾ സ്ഥാപിച്ചിട്ടും അത് ജനങ്ങൾക്ക് പ്രയോജന പ്രദമായിട്ടില്ല. പമ്പിങ് സമയം കൂട്ടാത്തതും മേഖലയിൽ ആവശ്യമായ കുടി വെള്ളതോത് ക്രമാനുഗതമായി വർധിപ്പിക്കാത്തതും പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ആലുവ, മുവാറ്റുപുഴ പദ്ധതികളുണ്ടെങ്കിലും ആലുവയാണ്
ജലവിതരണത്തിന് കൊച്ചി ആശ്രയിക്കുന്നത്. പഴയകാല പൈപ്പുകളും പദ്ധതി നടത്തിപ്പ് വീഴ്ചകളും മൂലം മുന്ന് പതിറ്റാണ്ടുകളായി തീരദേശ കൊച്ചിയിൽ കുടിവെള്ള ലഭ്യത ജനകീയപ്രശ്നമായി മാറിയിരിക്കുന്നു. പശ്ചിമകൊച്ചിയിൽ മാലിന്യം കലർന്ന കുടിവെള്ള വിതരണത്തിൽ പ്രതിഷേധിച്ച് നാഷണൽ ഓപ്പൺ ഫോറം കരുവേലിപ്പടി ജല അതോറിറ്റി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. അഡ്വ ആൻ്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ജി.പി.ശിവൻ മലിനജലം ഒഴുക്കി പ്രതിഷേധിച്ചു. സി.എ. ജേക്കബ് അധ്യക്ഷനായി. വേണുഗോപാൽ പൈ, ജോയ്സ് ആൻ്റണി, പി.എ.ജോസഫ് ,മജ്ജുനാഥ് പൈ, നെസ്റ്റർ ജോൺ, പ്രശാന്ത് മുണ്ടംവേലി, സി.പി. പൊന്നൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: