കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം. പാര്‍ട്ടി അംഗമെന്ന നിലയിലാണ് സര്‍ക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത്. ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സസ്പെന്ഷന് കാലാവധി കഴിഞ്ഞെന്ന് കാരണം കാട്ടിയാണ് തിരിച്ചെടുക്കല്‍.
പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം നല്‍കിയാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിന്റെ പേരില്‍ സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് സക്കീര്‍ ഹുസൈനെ സസ്പെന്റ് ചെയ്തത്. വലിയ കുറ്റങ്ങളാണ് അന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന് തന്നെ കണ്ടെത്തിയത്.
സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന് 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം വായ്പയെടുത്തു. പുതിയ വീടിനും മുന്‍പ് വാങ്ങിച്ച വീടുകള്‍ക്കുമായി ബാങ്കിലെ തിരിച്ചടവിന് സക്കീറിന്റെയും ഭാര്യയുടേയും വരുമാനം പോരാ. പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദനം നടത്തുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി.
2016ല്‍ നടത്തിയ വിദേശയാത്ര സക്കീര്‍ ഹുസൈന് മറച്ചുവെച്ചു. പാര്‍ട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുബായിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലേക്കാണ് സക്കീര്‍ ഹുസൈന് പോയതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങിയില്ലെതടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ട വ്യക്തിയെ ആണ് യാതൊരു കൂസലുമില്ലാതെ വീണ്ടും പാര്‍ട്ടി ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: