വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതി വിധി റദ്ദാക്കുകയും, പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരിക്കുന്നു.ഹൈക്കോടതിയുടെ ഈ നടപടി സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ പ്രഹരമാണ്. കേസന്വേഷിച്ച പോലീസിനെയും പ്രോസിക്യൂഷനെയും, പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിയെയും അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം തന്നെയാണ്. കേസില്‍ പോലീസ് നടത്തിയ അന്വേഷണം വെറുപ്പുളവാക്കുന്നുവെന്നും, പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്നും തുറന്നടിച്ച കോടതി പോക്സോ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നുവരെ പറഞ്ഞിരിക്കുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയാണ് തന്റെ മക്കള്‍ക്ക് നീതി കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിദാരുണമായ കൊലപാതകങ്ങളായിരുന്നിട്ടും പ്രതികള്‍ക്കൊപ്പം നിന്ന സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കുന്നതിനുവേണ്ടി വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പാലക്കാട് വാളയാറിനടുത്തെ അട്ടപ്പള്ളത്താണ് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ അന്‍പത്തിരണ്ട് ദിവസത്തെ ഇടവേളയില്‍ കൊലചെയ്യപ്പെട്ടത്. പതിമൂന്ന് വയസ്സായ മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാതെ തെളിവു നശിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. മൂത്ത പെണ്‍കുട്ടിയെപ്പോലെ തൂങ്ങിമരിച്ച നിലയിലാണ് രണ്ടാമത്തെ പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഈ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം പോലീസ് സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ രണ്ട് മരണവും ആത്മഹത്യകളാണെന്ന് കാണിച്ച് കുറ്റപത്രം നല്‍കുകയാണ് പോലീസ് ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതുള്‍പ്പെടെ ശക്തമായ ചില തെളിവുകളും പോലീസ് തന്നെ നശിപ്പിച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി ശരിയായി രേഖപ്പെടുത്താന്‍ തയ്യാറായതുമില്ല. ഇതിന്റെയൊക്കെ പരിണതഫലമായാണ് മൂന്നു പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്.
കേസിന്റെ തുടക്കം മുതല്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതായി ആക്ഷേപമുയര്‍ന്നു. പ്രതികളില്‍ ചിലര്‍ സിപിഎമ്മുകാരായിരുന്നു. എന്തുകൊണ്ടാണ് സംസ്ഥാനത്തെ നടുക്കിയ ക്രൂരമായ ഒരു പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നു. മരിച്ച പെണ്‍കുട്ടികളുടെ ജില്ലക്കാരനായ സാംസ്കാരിക മന്ത്രി എ.കെ. ബാലന് ഉള്‍പ്പെടെയുള്ളവര്‍ ഇരകളായ പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. സിപിഎമ്മിന്റെ എംപിയായിരുന്ന ഒരാളും ഭാര്യാ സഹോദരനുമാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ ചരടുവലിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നില്‍ നല്ലപിള്ള ചമഞ്ഞ് സര്‍ക്കാര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പുനര്‍വിചാരണയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ പുനരന്വേഷണത്തിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പുനരന്വേഷണം തന്നെയാണ് വേണ്ടത്. അതു പോലീസ് അന്വേഷിച്ചാല്‍ പോരാ. കാരണം കേസ് വീണ്ടും അട്ടിമറിക്കപ്പെടും. സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയും ബിജെപിയും പലയാവര്‍ത്തി ആവശ്യപ്പെട്ടതാണ്. ഇത്തരമൊരു അന്വേഷണത്തിലൂടെ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെടൂ. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന് തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: