വെള്ളമുണ്ട: ഭൂമാഫിയകള്‍ കുന്നിടിച്ചു നിരത്തുന്നതായും ശ്മശാനം കൈയേറിയതായും പരാതി. വെള്ളിയാം കുന്ന് വനവാസി കോളനിക്ക് സമീപമുള്ള ശ്മശാനം ആണ് ഭൂമാഫിയകള്‍ കയറിയിരിക്കുന്നത്. ഏകദേശം ഒരേക്കര്‍ വിസ്തൃതിയുള്ളതാണ് ശ്മശാനം.
സമീപമുള്ള പ്രദേശങ്ങള്‍ ഭൂമാഫിയകള്‍ വാങ്ങി കുന്നുകള്‍ ഇടിച്ചു നിരത്തിരിക്കുകയാണ്. റിസോര്‍ട്ടും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിനായാണ് ഇവിടെ അനധികൃതമായി കുന്നിടിച്ച് നിരത്തുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു. ഇതിനൊപ്പം ശ്മശാനവും കയ്യേറിയിരിക്കുകയാണ്. ഇപ്പോള്‍ 30 സെന്റ് സ്ഥലം മാത്രമാണ് ശ്മശാനത്തിനായി ഉള്ളത്. തങ്ങള്‍ പാരമ്പര്യമായി ഉപയോഗിച്ചു പോന്ന ശ്മശാനമാണിതെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ കണ്ണടക്കുകയാണെന്നും കോളനിവാസികള്‍ പറഞ്ഞു.
അതിനാല്‍ തന്നെ തങ്ങളുടെ ശ്മശാനം പഴയ രീതിയില്‍ തന്നെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ കണ്ണു തുറക്കണം എന്നും അവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍, മാനന്തവാടി സബ് കളക്ടര്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: