കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിത പരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കെഎസ്ടി സംഘ് ആദ്യമായി അംഗീകാരം നേടിയത് സംസ്ഥാനത്തെ ട്രേഡ് യൂണിയന് രംഗത്തുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ സംഭവവികാസമാണ്. മൂന്നുവര്‍ഷം മുന്‍പറഞ്ഞ ഹിതപരിശോധനയെ അപേക്ഷിച്ച് ഇരട്ടിയിലേറെ അംഗങ്ങളുടെ പിന്തുണയാര്‍ജിച്ചാണ് അഭിമാനകരമായ ഈ വിജയം ബിഎംഎസ് കൈവരിച്ചിട്ടുള്ളതെന്ന കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ തിളക്കം പതിന്മടങ്ങ് വര്‍ധിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി നാല് പതിറ്റാണ്ട് അടുക്കുമ്പോഴാണ് ഇങ്ങനെയൊരു വിജയമെന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ഇക്കാലത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയ ബിഎംഎസ് രാഷ്ട്രീയ-ഭരണ പിന്തുണയുള്ള മറ്റ് യൂണിയനുകളോട് ഒറ്റയ്ക്ക് മത്സരിച്ചു നേടിയ ഈ അംഗീകാരത്തിന്റെ മഹത്വം ഒന്നുവേറെ തന്നെയാണ്. ഇതിനു മുന്‍പ് ഒറ്റയ്ക്ക് മത്സരിച്ച് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയിട്ടുള്ളത് സിപിഎമ്മിന്റെ സിഐടിയു മാത്രമാണ്. ഇതേ സിഐടിയുവിന് ഇക്കുറി അംഗങ്ങളുടെ പിന്തുണ വലിയ തോതില്‍ കുറഞ്ഞതും, ആറ് ഡിപ്പോകളില്‍ അവരെ മറികടക്കാന്‍ ബിഎംഎസിന് കഴിഞ്ഞു എന്നതും കേരളത്തിന്റെ ട്രേഡ് യൂണിയന് രംഗത്തും കാറ്റ് കൃത്യമായി മാറി വീശാന്‍ തുടങ്ങിയതിന്റെ തെളിവായെടുക്കാം. ബിഎംഎസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് കെഎസ്ടി സംഘിനെ നയിക്കുന്നവരുടെ കഠിനാധ്വാനവും തൊഴിലാളികളോടുള്ള കൂറുമാണ് ഇത് സാധ്യമാക്കിയതെന്ന് നിസ്സംശയം പറയാം.
കേരളത്തില്‍ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനം വിവിധ തൊഴില്‍ മേഖലകളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചതെന്ന സത്യം ഇപ്പോള്‍ സുവ്യക്തമാണ്. സോഷ്യലിസം സ്ഥാപിതമാകണമെങ്കില്‍ ഉല്‍പ്പാദനോപാധികള്‍ വികസിക്കണമെന്നതാണ് മാര്‍ക്സിസത്തിന്റെ തന്നെ സമീപനം. വിരോധാഭാസമെന്നു പറയട്ടെ, ട്രേഡ് യൂണിയന് രംഗത്തെ ഇടതു പാര്‍ട്ടികളുടെ പ്രവര്‍ത്തനം ഇതിന് കടകവിരുദ്ധമായിരുന്നു. രാഷ്ട്രീയാന്ധതകൊണ്ടും, ദൂരക്കാഴ്ചയില്ലായ്മകൊണ്ടും ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിച്ച രീതികള്‍ കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ക്കുകയാണുണ്ടായത്. വലിയ പ്രതീക്ഷയോടെ തുടങ്ങുകയും, മികച്ചനിലയില്‍ നടന്നിരുന്നതുമായ നിരവധി വ്യവസായങ്ങളാണ് ഇതുമൂലം പൂട്ടിപ്പോയത്. കമ്പ്യൂട്ടറിനെതിരെ യുദ്ധം പ്രഖ്യാപിച്ചതുവഴി കേരളത്തില്‍ ഐടി വ്യവസായത്തിന് വേരോട്ടം ലഭിക്കാതെ പോയപ്പോള്‍ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ തെക്കേയിന്ത്യന്‍ നഗരങ്ങള്‍ രാജ്യത്തെ സിലിക്കണ്‍വാലികളായി മാറി. ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന തങ്ങളിലൊരാളായ അതിന്റെ മുതലാളിയെപ്പോലും വര്‍ഗശത്രുവായി കാണുന്ന വീക്ഷണം തൊഴിലാളികളില്‍ കുത്തിവച്ചു. ‘ലേബര്‍ മിലിറ്റന്‍സി’ എന്നത് സാധാരണക്കാരുടെ പോലും പേടിസ്വപ്നമായി മാറി. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയബോധമുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് പുതിയൊരു ട്രേഡ് യൂണിയന് സംസ്കാരത്തിന് ബിഎംഎസ് തുടക്കം കുറിച്ചത്.
ബിഎംഎസ് വന്‍ മുന്നേറ്റം നടത്തിയ കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ ഹിതപരിശോധനയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരവകാശിയായി കരുതപ്പെടുന്ന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നേതൃത്വം നല്കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് പുറത്തായി എന്നത് എടുത്തു പറയേണ്ടതുണ്ട്. ഭരണത്തിന്റെ പിന്തുണയുണ്ടായിരുന്നിട്ടും അംഗീകാരം നിലനിര്‍ത്താന്‍ ഈ സംഘടനയ്ക്ക് കഴിയാതിരുന്നത് തൊഴിലാളികള്‍ ഇവരെ കയ്യൊഴിയുന്നതിന്റെ അനന്തരഫലമാണ്. ഇന്ന് ഈ ഗതി വന്നിരിക്കുന്നത് സിപിഐക്കാണെങ്കില്‍ നാളെ അത് സിപിഎമ്മിനായിരിക്കും. രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വേദികളായി ട്രേഡ് യൂണിയനുകളെ കാണുകയും, തൊഴിലാളികളെ ചൂഷണത്തിനുള്ള വെറും കരുക്കളാക്കി അധഃപതിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വഭാവികമായി ലഭിക്കുന്ന തിരിച്ചടിയാണിത്. ഇവിടെയാണ് കക്ഷി രാഷ്ട്രീയത്തിന്റെ വഴിയിലൂടെ തൊഴിലാളികളെ ആട്ടിത്തെളിക്കാതെ അധ്വാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് തൊഴിലാളികള്‍ തന്നെ നേതൃത്വം നല്കുന്ന ബിഎംഎസിന്റെ വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ ഉയരാന്‍ പോകുന്നത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ബിഎംഎസിന് ലഭിച്ചിരിക്കുന്ന അംഗീകാരം വലിയ മുതല്‍ക്കൂട്ടാകും. സ്ഥാപനത്തിന്റെ നിലനില്പ്പിനുവേണ്ടിയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളാതെ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ കെഎസ്ടി സംഘിന് കഴിയുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: