കാസര്‍കോട്: 10 ,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങള്‍ ഇന്നലെ മുതല്‍ തുറന്നെങ്കിലും ജില്ലയില്‍ അധ്യാപക ഒഴിവുകളിലെ നിയമനം അനിശ്ചിതമായി നീളുന്നു. സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിനു സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകരുടെ ഒഴിവില്‍ നിയമനവും നടന്നിട്ടില്ല. പിഎസ്സി അൈഡ്വസ് മെമ്മോ നല്കിയവരെയും നിയമിച്ചിട്ടില്ല. റഗുലര്‍ ക്ലാസ് തുടങ്ങുമ്പോള്‍ ഹാജരായാല്‍ മതി എന്നാണ് അവര്‍ക്കുള്ള നിര്‍ദേശം. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരുനൂറോളം അധ്യാപകരുടെ ഒഴിവാണ് ഇപ്പോഴുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ അതിലേറെ വരും.
അതത് വിദ്യാലയത്തില്‍ എല്‍പി ഉള്‍പ്പെടെയുള്ള സെക്ഷനുകളില്‍ എച്ച്എസ്എ യോഗ്യതയുള്ള അധ്യാപകര്‍, സമീപ വിദ്യാലയങ്ങളിലെ അധ്യാപകര്‍ എന്നിവരുടെ സഹായവും വിരമിച്ച അധ്യാപകരെ പിടിഎ സഹായത്തോടെയും നിയമിക്കാമെന്നാണ് ബദല്‍ നിര്‍ദേശം. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ആണ് പ്രധാനമായും അധ്യാപക ക്ഷാമം. കാലങ്ങളായി ഇവിടെ ദിവസ വേതന നിയമനം നടക്കുകയായിരുന്നു. 80 ശതമാനവും ദിവസ വേതന നിയമനം ഉള്ള വിദ്യാലയങ്ങളുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ ഭൂരിഭാഗവും ദിവസ വേതന നിയമനമാണ്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ദേലംപാടി, ബന്തടുക്ക, കുറ്റിക്കോല്‍, ഷിറിയ, പഡ്രെ, മൊഗ്രാല്‍പുത്തൂര്‍, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് രൂക്ഷമായ അധ്യാപക ക്ഷാമ . ശാസ്ത്ര വിഷയങ്ങളില്‍ തീരെ അധ്യാപകരില്ല. ഓണ്‍ലൈനില്‍ തന്നെ പഠനം സാധ്യമല്ലാത്ത കുട്ടികളുള്ള പ്രദേശങ്ങളുമുണ്ട്. അധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ അതത് ക്ലാസ് തല ഓണ്‍ലൈന്‍ പഠനം കിട്ടാത്ത വിദ്യാര്‍ഥികള്‍ ജില്ലയില്‍ ഏറെയാണ്. ജില്ലയിലെ അധ്യാപക ഒഴിവുകള്‍ എത്രയും വേഗം നിഗത്തണമെന്നാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: