വടക്കാഞ്ചേരി: കൊവിഡ് കാലത്ത് ഓട്ടം പേരിന് മാത്രമാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസ കരുതലൊരുക്കി ജീവകാരുണ്യ പ്രവര്ത്തകന് ഐശ്വര്യ സുരേഷ്. പുതുവത്സര സമ്മാനമായി 500 ഓട്ടോ തൊഴിലാളികള്‍ക്ക് 500 രൂപയുടെ ഡീസല്‍ സൗജന്യമായി വിതരണം ചെയ്താണ് ഇദ്ദേഹം മാതൃകയായത്.
ഈ ഡീസല്‍ ഉപയോഗിച്ച് 5000 രൂപയിലധികം വരുമാനമുണ്ടാക്കാനാകുമെന്നത് ഓട്ടോതൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി. വടക്കാഞ്ചേരി, അത്താണി, ഷൊര്‍ണൂര്‍ പമ്പുകളില്‍ ടോക്കണനുസരിച്ചായിരുന്നു ഡീസല്‍ വിതരണം. അന്‍പതും നൂറുമായി വാഹന റാലികള്‍ക്കു സമാനമായി ഓട്ടോകള്‍ പെട്രോള്‍ പമ്പുകളിലെത്തിയത് കൗതുകക്കാഴ്ചയായി. കെട്ടിട നിര്‍മ്മാണ കരാറുകാരനായ സുരേഷ് ഒട്ടേറെ കഷ്ടപ്പാടുകളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലുള്ള സ്വയംപര്യാപ്തതയിലെത്തിയത്.
നേരത്തെ ഓട്ടോ- ടാക്സി ഡ്രൈവറായിരുന്നതിനാല്‍ ഓട്ടോ തൊഴിലാളികളുടെ ദുരിതം തനിക്ക് നേരിട്ടറിയാമെന്ന് സുരേഷ് പറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭൂരിഭാഗം പേരും ഓട്ടോറിക്ഷകളിലെ യാത്രകള്‍ വേണ്ടെന്നു വച്ചതും ഓട്ടം കുറവായതും ഒരു വിഭാഗം ഡ്രൈവര്‍മാരുടെ ഉപജീവനത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇവരില്‍ പലരെയും സുരേഷിന് നേരിട്ട് അറിയാവുന്നവരാണ്.
ഇതേ തുടര്‍ന്നാണ് മുച്ചക്രമുരുട്ടി ഉപജീവനം നടത്തുന്നവര്‍ക്ക് തനിക്ക് കഴിയാവുന്ന വിധം ഇന്ധനം നിറച്ചു നല്കാന് സുരേഷ് തീരുമാനമെടുത്തത്. പാര്‍ളിക്കാട് കണ്ടംപുള്ളി പരേതനായ വിശ്വംഭരന്റെ മകനായ ഐശ്വര്യസുരേഷ് ഒരു പതിറ്റാണ്ടുകാലമായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. ഡീസല്‍ വിതരണത്തിന്റെ ഉദ്ഘാടനം ഓട്ടുപാറയിലെ പെട്രോള്‍ പമ്പില്‍ സുരേഷിന്റെ പത്നി ബീന നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: