കൊല്ലം: പ്ലസ്വണ് പാഠപുസ്തകങ്ങളുടെ ഇന്റന്റിങ് പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. അധ്യയന വര്‍ഷം ആരംഭിക്കുകയോ പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നതിന് മുമ്പ് 2021-22 വര്‍ഷത്തേക്കുള്ള പ്ലസ്വണ് പാഠപുസ്തകങ്ങളുടെ എണ്ണം ആവശ്യപ്പെടുന്നതിന് പിന്നിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ജൂണിലാണ് 2021ലെ പ്ലസ് വണ്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്. സ്കൂള്‍പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍ സ്കൂള്‍മേധാവികള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രക്രീയയാണ് ഇന്റന്റിങ്. പുതിയ പോര്‍ട്ടല്‍ വഴിയുള്ള ഇന്റന്റിങിന് പതിനൊന്നാം തീയതിവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കുമേല്‍ ഇതിനായി സമ്മര്‍ദ്ദം ശക്തമാണ്. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകള്‍ വഴി നല്കുമ്പോള് പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ഏജന്‍സി വഴിയാണ് നല്‍കുന്നത്. ഇവര്‍ക്ക് പുസ്തകങ്ങള്‍ മുന്‍കൂട്ടി പ്രിന്റ് ചെയ്യാനുള്ള സഹായമാണ് സര്‍ക്കുലര്‍ മുഖേന പൊതുവിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ചെയ്തുകൊടുക്കുന്നത്. ഈ നയസമീപനത്തിനെതിരെ മുന്‍കാലങ്ങളില്‍ തന്നെ പ്രതിഷേധവുമായി പ്രിന്‍സിപ്പല്‍മാര്‍ രംഗത്തെത്തിയതാണ്.
രണ്ടു കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്നാമതായി അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് എത്ര കുട്ടികള്‍ പഠിക്കാനെത്തുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാനാവില്ല എന്നതാണ്. രണ്ടാമതായി ഇന്റന്റിങ് ചെയ്ത് സ്കൂളിലെത്തിച്ച പാഠപുസ്തകങ്ങള്‍ വിറ്റഴിച്ചില്ലെങ്കിലും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ അതിന്റെ തുക അടയ്ക്കണമെന്നതാണ്.
ഈ വര്‍ഷം വിരമിക്കുന്ന പത്തോളം പ്രിന്‍സിപ്പല്‍മാരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ വകുപ്പ് കുടിശിക അടപ്പിച്ചത്. കൊല്ലം, കോട്ടയം ജില്ലകളില്‍ രണ്ട് പേര് മാത്രമാണ് ഒരു ലക്ഷത്തിന് താഴെ പണമൊടുക്കിയത്. വിറ്റഴിയാത്ത പുസ്തകങ്ങളുടെ തുകയാണിത്. റിട്ടയര്‍മെന്റ് നടപടികളില്‍ പ്രയാസം നേരിടുമെന്ന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ദുരിതമൊഴിവാക്കാന്‍ വ്യക്തിപരമായി തന്നെ പണമൊടുക്കാനുള്ള അവരുടെ തീരുമാനം.
ഇത്തവണ നിസ്സഹകരിക്കും
ഇന്റന്റിങ് നല്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ 1300 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ നിസ്സഹകരിക്കും. കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് തീരുമാനപ്രകാരമാണിത്.
വില്ക്കാത്ത പുസ്തകങ്ങളുടെ തുക ആവശ്യപ്പെടാതിരിക്കുക, മുന്‍വര്‍ഷത്തെ അളവില്‍ പുസ്തകങ്ങള്‍ അച്ചടിച്ചുവച്ച ശേഷം അഡ്മിഷന് പൂര്ത്തിയായികഴിഞ്ഞിട്ടു മാത്രം പ്രിന്‍സിപ്പല്‍മാരോട് ഇന്റന്റിങ് ആവശ്യപ്പെടുക, പാഠപുസ്തക വിതരണം എസ്എസ്എല്‍സി മോഡലില്‍ ജില്ലാഡിപ്പോ വഴിയാക്കുക എന്നിവയാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: