ന്യൂദല്‍ഹി: കൊറോണ മഹാമാരിക്കെതിരേ പുതുവര്‍ഷത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി ഇന്ത്യ. ഓക്സ്ഫഡും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച, ഇന്ത്യയില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുത്തിവയ്പ് നല്കിത്തുടങ്ങാം.
ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്ന് നിര്‍മിക്കുന്ന കോവാക്സിനും ഉടന്‍ കേന്ദ്രാനുമതി ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഡിസംബര്‍ 30ന് യുകെയിലെ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു.
ജൂലൈയോടെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവയ്ക്കാന്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൊവിഷീല്‍ഡിന്റെ അഞ്ചു കോടി ഡോസുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും വരും മാസങ്ങളില്‍ ആവശ്യമായത്ര ഡോസ് ലഭ്യമാക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
വാക്സിനേഷനുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ഡ്രൈ റണ്‍ ഇന്ന് രാജ്യത്ത് നടക്കും. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങളിലും ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുമാണ് ഡ്രൈ റണ്‍. 2 മുതല്‍ 8 വരെ ഡിഗ്രി താപനിലയില്‍ കൊവിഷീല്‍ഡ് വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കും. അസം, ആന്ധ്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയിരുന്നു.
അതിനിടെ, രാജ്യത്ത് നാലു പേര്‍ക്ക് കൂടി അതി തീവ്ര വ്യാപന സാധ്യതയുള്ള കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുതുതായി രോഗം ബാധിച്ചവരില്‍ മൂന്നു പേര് ബെംഗളൂരുവിലും ഒരാള്‍ ഹൈദരാബാദിലുമാണ്. യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജനുവരി 8 മുതല്‍ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് മാത്രമാകും സര്‍വീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: