മെല്‍ബണ്‍: ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി. നടരാജനെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ചേതേശ്വര്‍ പൂജാരയ്ക്ക് പകരം രോഹിത് ശര്‍മയെ ഉപനായകനും ആക്കി. കരിയറില്‍ ഇതാദ്യമായാണ് രോഹിത് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ ആകുന്നത്.
മുഹമ്മദ് ഷമിക്ക് പിന്നാലെ ഉമേഷ് യാദവും പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് നടരാജന് അവസരം നല്‍കിയത്. മെല്‍ബണിലെ രണ്ടാം ടെസ്റ്റിനിടയ്ക്കാണ് യാദവിന് പരിക്കേറ്റത്. രണ്ടാം ഇന്നിങ്സില്‍ 3.3 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്.
ഉമേഷ് യാദവിന് പകരം ടി. നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറിനെ ടീമില്‍ എടുത്തിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയ്ക്ക് വിധേയരാകും.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ടി 20 പരമ്പകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന നടരാജന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല. ടീമിനൊപ്പം നെറ്റ് ബൗളറായി തുടരുകയാണ്. പരിമിത ഓവര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലു മത്സരങ്ങളില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് സിഡ്നിയില്‍ ആരംഭിക്കും. നാലു മത്സരങ്ങളുള്ള ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി പരമ്പര നിലവില്‍ സമനിലയാണ്. ഇന്ത്യയും ഓസ്ട്രേലിയയും ഓരോ ടെസ്റ്റുകളില്‍ വിജയം നേടി.
ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: