കൊച്ചി: ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാനും ഭരണം പിടിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് – യുഡിഎഫ് – എസ്ഡിപിഐ സഖ്യം. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലാണ് പലയിടങ്ങളിലെയും അവിശുദ്ധ സഖ്യം പുറത്തുവന്നത്. നാണക്കേടായതോടെ, ചിലയിടങ്ങളില്‍ അവിഹിത സഖ്യത്തിലൂടെ ലഭിച്ച സ്ഥാനങ്ങള്‍ രാജിവച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ തടയാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നു.
ആലപ്പുഴ തിരുവന്‍വണ്ടൂരില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. വിവാദമായതോടെ പ്രസിഡന്റ് രാജിവച്ചു. അഞ്ച് സീറ്റുള്ള ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ തടയാനാണ് നാലു സീറ്റുള്ള എല്‍ഡിഎഫും മൂന്നു സീറ്റുള്ള യുഡിഎഫും ഒത്തുകളിച്ചത്. സ്വതന്ത്രന് ഒരു സീറ്റുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിലും സമീപ പഞ്ചായത്തായ മാന്നാറിലും കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി. ആറ് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും വിട്ടു നിന്നു. യുഡിഎഫ് വലിയ കക്ഷിയായ മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി. ഒരു കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. ഇവിടെ യുഡിഎഫ് ഒമ്പത്, എല്‍ഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്നാണ് കക്ഷി നില.
ബിജെപിയെ തോല്പിക്കാന് കൊല്ലം പോരുവഴിയില്‍ എസ്ഡിപിഐയും എല്‍ഡിഎഫും യുഡിഎഫും ഒത്തു ചേര്‍ന്നു. ആകെയുള്ള പതിനെട്ട് സീറ്റില്‍ അഞ്ച് വീതം സീറ്റുകളുമായി എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് തുല്യ ശക്തികളായിരുന്നു. മൂന്നു സീറ്റുള്ള എസ്ഡിപിഐ രണ്ട് വോട്ട് യുഡിഎഫിനും ഒരു വോട്ട് എല്‍ഡിഎഫിനും നല്കി. അതോടെ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളായി. അഞ്ച് അംഗങ്ങളുമായി ബിജെപി പുറത്തായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മൂന്ന് വോട്ടും യുഡിഎഫിന് നല്കി.
പത്തനംതിട്ടയിലെ കോട്ടാങ്ങലില്‍ അഞ്ചു സീറ്റുള്ള എന്‍ഡിഎയെ അകറ്റാന്‍ എല്‍ഡിഎഫും (അഞ്ച് സീറ്റ്) എസ്ഡിപിഐയും (ഒരു സീറ്റ്) ഒത്തു ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനം നേടിയ എല്‍ഡിഎഫ് പിന്നീട് രാജിവച്ചു.
തൃശൂര്‍ അവിണിശേരി ഗ്രാമപഞ്ചായത്തിലും എന്‍ഡിഎയെ തടയാന്‍ കോണ്‍ഗ്രസ് – സിപിഎം നാടകമായിരുന്നു. എന്‍ഡിഎക്ക് ആറും എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണുള്ളത്. യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ എന്‍ഡിഎയുടെ ആറു വോട്ടിനെ മറി കടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എട്ടു വോട്ടു ലഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതേ നാടകം ആവര്‍ത്തിച്ചു. ബിജെപിയുടെ തുടര്‍ ഭരണം തടയാനുള്ള നാടകമാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നടത്തിയത്.
കാസര്‍കോട്ട് എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമായ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. ബിജെപി വലിയ കക്ഷിയായ മീഞ്ച പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയില്‍ സിപിഐ ജയിച്ചു. യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്ന കുംബഡാജെ പഞ്ചായത്തില്‍ സിപിഐ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലെത്തി.
16 പഞ്ചായത്തുകളില്‍ എന്‍ഡിഎ ഭരണം
കൊച്ചി: ഇരുമുന്നണികളെയും അവരുടെ അവിശുദ്ധസഖ്യങ്ങളെയും നേര്‍ക്കുനേര്‍ നേരിട്ട് 16 പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയും രണ്ടു മുന്നണികളും തമ്മില്‍ അവിഹിത സഖ്യമുണ്ടാക്കി പത്തു പഞ്ചായത്തുകളിലാണ് ബിജെപിയെ പുറത്താക്കിയത്.
തിരുവനന്തപുരത്തെ വിളപ്പില്‍, കല്ലിയൂര്‍, കള്ളിക്കാട്, കരവാരം, കൊല്ലത്തെ കല്ലുവാതുക്കല്‍, പത്തനംതിട്ടയിലെ കുളനട, ചെറുകോല്‍, കവിയൂര്‍, ആലപ്പുഴയിലെ കോടംതുരുത്ത്, പാണ്ടനാട്, കോട്ടയത്തെ പള്ളിക്കത്തോട്, മുത്തോലി, തൃശൂരിലെ തിരുവില്വാമല, കാസര്‍കോട്ടെ ബെള്ളൂര്‍, മധൂര്‍, കാറടുക്ക പഞ്ചായത്തുകളാണ് ബിജെപി പിടിച്ചത്.
ഒരു സീറ്റേയുള്ളുവെങ്കിലും ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ബിജെപിക്കാണ്. ഇവിടെ ഭൂരിപക്ഷം ഇടതു മുന്നണിക്കാണെങ്കിലും പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുകയാണ്. ഇവിടെ ബിജെപി അംഗം മാത്രമാണ് സംവരണ സമുദായത്തില്‍ നിന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: