മുട്ടം: ക്രിസ്തുമസ് ദിവസം വൈകിട്ട് 5:59ന് പെരുമറ്റം പാറയ്ക്കല്‍ സിനാജിന്റെ ഫോണിലേക്ക് മലങ്കര ഡാമിലെ ജീവനക്കാരന്റെ വിളിയെത്തി. ഒരാള്‍ ഡാമില്‍ അപകടത്തില്‍ പെട്ടുവെന്നായിരുന്നു വിവരം. 6.03ന് സിനാജ് സംഭവസ്ഥലത്തെത്തി.
ഒറ്റ മുങ്ങലില്‍ തന്നെ വെള്ളത്തിന്റെ ആഴങ്ങളില്‍ നിന്നും അപകടത്തില്‍ പെട്ട ആളെ കിട്ടി. പുറത്തെടുക്കുമ്പോള്‍ തന്റെ കരവലയത്തില്‍ ചേതനയറ്റ് കിടക്കുന്നത് മലയാള സിനിമയിലെ നടന് അനില്‍ നെടുമങ്ങാട് ആണെന്ന് ഈ യുവാവിന് അറിയില്ലായിരുന്നു. മലങ്കര ഡാമില്‍ നടന്ന നിരവധി അപകടങ്ങളിലാണ് സിനാജ് രക്ഷകനായിട്ടുള്ളത്.
പാലാ സ്വദേശികളായ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് അനില്‍ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. വെള്ളത്തിലേക്ക് ആദ്യം ഇറങ്ങിയ അനില്‍ താഴ്ന്നു പോകുന്നത് നിസഹായരായി നോക്കി നില്‍ക്കാനേ ഇവര്‍ക്കായുള്ളൂ. പതിനഞ്ചടിയോളം താഴ്ചയുള്ള ഭാഗത്തു നിന്നുമാണ് സിനാജ് അനിലിനെ കïെത്തിയത്. ഏതൊരു ദുരന്ത സ്ഥലത്തും അഗ്നി രക്ഷാസേനാംഗങ്ങള്‍ക്ക് സഹായവുമായി സിനാജ് എത്താറുണ്ട്. ഫോണ്‍ സന്ദേശം കിട്ടിയതോടെ അപകടത്തില്‍ പെട്ടയാളുടെ ജീവന് രക്ഷിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് സിനാജ് പറന്നെത്തിയത്.
പക്ഷേ പരമാവധി വേഗതയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ സമയത്തൊന്നും കൂടി നിന്നവരും പോലീസും അറിഞ്ഞിരുന്നില്ല അത് അനിലാണെന്ന്. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് ആളെ തിരിച്ചറിഞ്ഞത്. രക്ഷിക്കാനായി ആദ്യം വെള്ളത്തിലേക്ക് ചാടിയ ഡാമിന്റെ സുരക്ഷ ചുമതലയുള്ള പോലീസുകാരന് മേലുകാവ് സ്വദേശി ഹരികൃഷ്ണന് ആണ്. എന്നാല്‍ ആളെ കണ്ടെത്താനായില്ല.
അനിലിന്റെ കഴിവിനെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് രംഗബോധമില്ലാതെ വന്ന മരണം അനിലിനെ ആഴങ്ങളിലേക്ക് കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: