പുത്രന്റെ മൃതദേഹവും മടിയില്‍ കിടത്തി ചന്ദ്രമതി എണ്ണിപ്പെറുക്കി കരഞ്ഞപ്പോള്‍ മകന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഹരിശ്ചന്ദ്രനും ഏറെക്കരഞ്ഞു. കളിക്കാന്‍ പോയ മകനെ പാമ്പുകടിച്ചതും തനിക്ക് യഥാസമയം അടുത്തെത്താന്‍ കഴിയാത്തതുമായ എല്ലാ കാര്യങ്ങളും ഇതിനിടെ ചന്ദ്രമതി ഹരിശ്ചന്ദ്രനോട് വിശദീകരിച്ചു.
താന്‍ ചണ്ഡാളദാസനായി ശ്മശാന കാവല്‍ക്കാരനായ രീതി ഹരിശ്ചന്ദ്രനും ഭാര്യയെ അറിയിച്ചു. പെട്ടെന്നാണ് ചന്ദ്രമതി ഒരു കാര്യം ഓര്‍ത്തത്. മകന്റെ ശരീരം ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കുന്നതുവരെമാത്രമാണ് ഹരിശ്ചന്ദ്രന്റെ യജമാനന് ചണ്ഡാളദേവന് തനിക്ക് സമയം അനുവദിച്ചിരിക്കുന്നത്. മകന്റെ ദേഹം ചിതയില്‍ ദഹിപ്പിച്ചാലുടന് ഹരിശ്ചന്ദ്രന് വധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് സത്യവിരുദ്ധമാകും.
‘കുരുഷ്വ സ്വാമിനഃ
പ്രേഷ്യം ഛേദയിത്വാശിരോമമ
സ്വാമിദ്രോഹോ ന തേ സ്ത്വദ്യ
മാസത്യോഭവഭൂപതേ’
ഹേ, കാന്താ, സ്വാമിദ്രോഹം ചെയ്യാതെ എന്റെ തല വേഗം തന്നെ ഛേദിക്കണം. അങ്ങ് ഒരിക്കലും അസത്യവാനാകരുത്. സ്വാമിദ്രോഹമോ, പരദ്രോഹമോ അങ്ങയില്‍ ഉണ്ടാവരുത്.
‘ഭവിഷ്യസി പതിസ്ത്വംമേ
ഹ്യന്യസ്മിന് ജന്മനി പ്രഭോ’
ഇനിയൊരു ജന്മമുണ്ടെങ്കില് അന്നും അങ്ങയെത്തന്നെ എനിക്ക് ഭര്‍ത്താവായി ലഭിക്കാന്‍ ഇടവരണമേ. ഇതെല്ലാം കേട്ട് അല്പം വിഷമത്തോടെ ഹരിശ്ചന്ദ്രന് ചിതയൊരുക്കി. മകന്റെ ദേഹം അതിനു മുകളില്‍ വെച്ചു. ഈ ചിതയെരിയുമ്പോള്‍ അതില്‍ തന്നെ ഭാര്യാ ശരീരവും ദഹിപ്പിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചു.
ഹരിശ്ചന്ദ്രന് വേദനയോടെ തന്റെ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ച് തൊഴുതു. പഞ്ചകോശാന്തരസ്ഥയായ ജഗദീശ്വരി ശതാക്ഷീ ദേവിയെ അദ്ദേഹം വന്ദിച്ചു. ജഗത്പാലന തത്പരയായ കരുണാരസ സാഗരയായ ആ അമ്മയെ മനസില്‍ ധ്യാനിച്ചു നില്‍ക്കുമ്പോഴാണ് ധര്മദേവനേയും ദേവേന്ദ്രനേയും മുന്‍ നിര്‍ത്തി ദേവസമൂഹം അവിടെ വന്നു ചേര്‍ന്നത്. അവര്‍ ഹരിശ്ചന്ദ്രനെ വിളിച്ചു.
ഹേ, ഹരിശ്ചന്ദ്ര മഹാരാജന് ഞങ്ങള്‍ ദേവന്മാര് അങ്ങയെ ദര്‍ശിക്കാനാണ് വന്നിരിക്കുന്നത്. സത്യനിഷ്ഠയില്‍ ഞങ്ങളെല്ലാം സന്തുഷ്ടരായിരിക്കുന്നു. വിശ്വാമിത്ര മഹര്‍ഷിയും ഇതാ അങ്ങയുടെ മുന്നില്‍ വളരെ സന്തോഷവാനായി സംതൃപ്തിയോടെ വന്നിരിക്കുന്നു.
‘വിശ്വത്രയേണയോമൈത്രീം
കര്ത്തുമിഛതി ധര്‍മതഃ
വിശ്വാമിത്ര സതേ ഭീഷ്ട
മാഹര്ത്തും സമ്യഗിഛതി’
എല്ലാവരോടും മൂന്നുലോകത്തോടും മൈത്രി
പുലര്‍ത്താന്‍ ഇഛിക്കുന്നവനാണ് വിശ്വാമിത്ര മഹര്‍ഷി. അദ്ദേഹം നിന്നില്‍ പ്രസാദിച്ച് നിന്നെ അനുഗ്രഹിക്കാനാണ് എത്തിയിട്ടുള്ളത് എന്ന് ധര്‍മദേവനും ഇന്ദ്രദേവനുമെല്ലാം ഹരിശ്ചന്ദ്ര മഹാദേവനെ ബോധ്യപ്പെടുത്തി.
ഇതിനിടില്‍ ദേവേന്ദ്രന് രോഹിതന്റെ ശരീരത്തില്‍ അമൃത വര്‍ഷം പൊഴിച്ചു. അപമൃത്യു വിനാശത്തിന് അതു കാരണമായി. ഹരിശ്ചന്ദ്രപുത്രന്‍ രോഹിതന് ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നെഴുന്നേറ്റു. തന്റെ പുത്രന് ഉണര്ന്നെഴേന്നേറ്റതു കണ്ട് ഹരിശ്ചന്ദ്രന് അവനെ ആലിംഗനം ചെയ്തു. ചന്ദ്രമതി മകനെ തുരുതുരാ ഉമ്മ വച്ച് ശതാക്ഷീദേവിയോട് നന്ദി പറഞ്ഞു. എല്ലാം ശതാക്ഷീമാതാവിന്റെ അനുഗ്രഹം.
സത്യനിഷ്ഠനായ ഹരിശ്ചന്ദ്രനെ ദേവേന്ദ്രന് സ്വര്‍ഗലോകത്തേക്ക് ക്ഷണിച്ചു. മറുപടി നല്‍കാതെ ഹരിശ്ചന്ദ്രന് ആലോചനാമഗ്നനായി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: