പൂനെ: കൊറോണ വൈറസിന്റെ പുതിയ ജനിതകമാറ്റത്തില്‍ ആശങ്ക വേണ്ടെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രന്ദീപ് ഗുലേരിയ. കൊറോണ വൈറസ് നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്നുണ്ട്. കുറഞ്ഞത് ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആരും ഭയപ്പെടേണ്ട ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ചാലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ക്കോ ചികിത്സയ്ക്കോ മാറ്റമുണ്ടാകില്ല. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ പരീക്ഷണഘട്ടങ്ങളിലിരിക്കുന്ന വാക്സിനുകള്‍ ഇവയ്ക്ക് പ്രയോജനപ്രദമാണ്. വൈറസ് വ്യാപനത്തില്‍ അടുത്ത ആറ്-എട്ട് ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഗുലേരിയ അറിയിച്ചു.
വൈറസിന് ജനിതകമാറ്റം സംഭവിച്ചതോടെ ബ്രിട്ടന് അതി ജാഗ്രതയിലാണ്. പുതിയ വൈറസിന്റെ വ്യാപനം അതിവേഗമായതാണ് കാരണം. എന്നാല്‍, ഇത് മൂലം ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ല. മരണങ്ങള് കൂടാന്‍ ഇത് കാരണമാവുകയുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ നിരവധി തവണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് സാധാരണമാണ്. ആവശ്യമെങ്കില്‍, വൈറസിന് ഗുരുതര ജനിതകമാറ്റം സംഭവിച്ചാല്‍ ഉപയോഗിക്കേണ്ട വിധത്തില്‍ വാക്സിനുകള്‍ മെച്ചപ്പെടുത്താവുന്നതാണ്. എന്നാലിപ്പോളുണ്ടായിരിക്കുന്ന മാറ്റം ഗൗരവമേറിയതല്ല. അതിനാല്‍ വാക്സിനുകളിലും മാറ്റംവരുത്തേണ്ട ആവശ്യമില്ല, ഗുലേരിയ പറഞ്ഞു. രാജ്യത്തെത്ര പേര്‍ക്ക് ആര്‍ജിത പ്രതിരോധ ശേഷി കൈവന്നുവെന്നറിയാന് സര്‍വേ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: