കേരളത്തിലെ മുന്നണികള്‍ രണ്ടും കൊറോണയെക്കാള്‍ വലിയ വൈറസാണെന്ന് തെളിയിച്ച വര്‍ഷമായിരുന്നു 2020. വര്‍ഗീയ വിഘടന ഭീകരവാദികളെ സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്സ് മുന്നണികള്‍ മത്സരിച്ചു. അതിന്റെ ആദ്യ സൂചനയാണ് ജനുവരി 26 ന് അരങ്ങേറിയ മനുഷ്യച്ചങ്ങല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യച്ചങ്ങലയില്‍ സര്‍വമാന രാജ്യ വിരുദ്ധന്മാരെയും അണിനിരത്താന്‍ സംഘടിത നീക്കം തന്നെ നടത്തി.
മനുഷ്യച്ചങ്ങലയ്ക്ക് ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം നടത്തി കമ്യൂണിസ്റ്റ് മുന്നണിയും കോണ്‍ഗ്രസ്സ് മുന്നണിയും ചേര്‍ന്ന് പ്രമേയം പാസ്സാക്കി. അതിന്റെ തനിയാവര്‍ത്തനമായിരുന്നു ഡിസംബര്‍ 23 സഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസ്സാക്കാനുള്ള ശ്രമം. കര്‍ഷകരുടെ പേരില്‍ ദല്‍ഹിയില്‍ നടക്കുന്ന കങ്കാണിമാരുടെ സമരത്തിന് പിന്തുണ നല്‍കാനും പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. ഗവര്‍ണറുടെ ഇടപെടല്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രത്യേക സമ്മേളനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പ്രത്യേക സമ്മേളനം ചേരാന്‍ വീണ്ടും ഗവര്‍ണറെ കാണാന്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയാണ്. സിഎഎ പ്രമേയലക്ഷ്യത്തെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രകടിപ്പിച്ച അഭിപ്രായം ഏറെ കോലാഹലങ്ങള്‍ക്ക് വഴിവച്ചെങ്കിലും ഒടുവില്‍ കെട്ടടങ്ങി. ഗവര്‍ണറെ റബ്ബര്‍ സ്റ്റാമ്പാക്കി കാര്യം നേടാമെന്ന ഇരുമുന്നണികളുടെ മോഹത്തിനാണ് വര്‍ഷാവസാനത്തെ നടപടി വഴി ആരിഫ് ഖാന് തടയിട്ടത്.
കേരളം മുന്‍പെങ്ങും കാണാത്ത അഴിമതിയും തര്‍ക്കങ്ങളും ഭരണഘടനാ വിരുദ്ധ നടപടികളും മാഞ്ഞുപോകുന്ന വര്‍ഷം കാണാനായി. അഴിമതിയില്‍ മുന്നില്‍ ആരെന്ന് തെളിയിക്കാനുള്ള വിവാദങ്ങള്‍ക്കും 2020 സാക്ഷിയായി. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിച്ച് ഭരണത്തിലെത്തിയ ഇടത് മുന്നണിയുടെ അവസാന വര്‍ഷത്തില്‍ അഴിമതിയുടെ ഘോഷയാത്ര തന്നെയാണ് കണ്ടത്. കൊവിഡ് -19 നേരിടുന്നതിന്റെ പേരില്‍ ഉണ്ടാക്കിയ സ്പ്രിങ്കഌ ഇടപാട്, ലൈഫ് മിഷന് പദ്ധതിയിലെ കോഴ വിവാദം, കെ-ഫോണ്‍, ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട കരാറുകള്‍ നല്‍കിയതിലെ അഴിമതി എന്നിവ ഒരു വശത്ത്. യുഎഇ കോണ്‍സിലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴിയുള്ള വന്‍ സ്വര്‍ണ കള്ളക്കടത്ത്, ഖുറാന്റെ മറവില്‍ കൊണ്ടുവന്ന അനധികൃത ഇറക്കുമതി ഇവയെല്ലാം കേരളത്തിന്റെ സല്‍പേരിന് തീരാകളങ്കമാണ് ഉണ്ടാക്കിയത്.
എല്ലാ വഴിവിട്ട ഇടപാടുകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം. അതിന്റെ ഒന്നാന്തരം തെളിവാണ് കേരളത്തിന്റെ ‘സത്യപ്രതിജ്ഞ ചെയ്യാത്ത മുഖ്യമന്ത്രി ശിവശങ്കറിന്റെ’ ജയില്‍ വാസം. സ്വര്‍ണക്കടത്തു മുതല്‍ സ്പ്രിങ്കഌറിലും ലൈഫ് മിഷന് അഴിമതിയിലുമെല്ലാം. ശിവശങ്കറിന്റെ പങ്ക് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. അതിനോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ടതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ നടപടികള്‍. രണ്ടു ദിവസമായി 25 മണിക്കൂറോളമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കൈയും കെട്ടിനിന്നത്. സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് സംശുദ്ധ ഭരണം ഉറപ്പുവരുത്താനുളള കര്‍ത്തവ്യമുണ്ട്. എന്നാല്‍ അഞ്ചുവര്‍ഷം പൊതുസമ്പത്ത് കൊള്ള ചെയ്തവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കാണാനായത്.
ഏതന്വേഷണവും നടക്കട്ടെ എന്നാദ്യം പറഞ്ഞ് കയ്യടി വാങ്ങിയ ആളാണ് പിണറായി വിജയന്. അതിനായി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നു എന്നും സാക്ഷ്യപ്പെടുത്തി. ഒടുവില്‍ സിബിഐ കേരളത്തില്‍ വേണ്ടെന്ന തീരുമാനമെടുത്തു. മറ്റ് അന്വേഷണ ഏജന്‍സികള്‍ പരിധി കടക്കുന്നെന്ന പരാതിയുമായി ഇറങ്ങി. മടിയില്‍ കനമുള്ളതുകൊണ്ടാണ് ഭയത്തിനാധാരമെന്ന് തിരിച്ചറിയാനുമായി.
ഇതിനിടയിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യവിരുദ്ധ ശക്തികളെ പരമാവധി ഒപ്പം നിര്‍ത്തി. അതോടൊപ്പം സഭയില്‍ ഒന്നിച്ചുകൈപൊക്കാന്‍ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്സ് മുന്നണിയുമായി അവിഹിത ഇടപാടുകളും നടത്തി. കോണ്‍ഗ്രസ്സിന് 42 ലക്ഷം വോട്ടും സിപിഎമ്മിന് 44 ലക്ഷം വോട്ടും ലഭിച്ചു. ഇരുകൂട്ടരുടെ സാദാചാര വിരുദ്ധമായ കൂട്ടായ്മയ്ക്കിടയിലും 22 ലക്ഷം വോട്ട് നേടാന്‍ ബിജെപിക്കുമായി.
കൊറോണക്കിടയിലും രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ കേരളം കണ്ടു. വളരുന്തോറും പിളരുന്ന കോണ്‍ഗ്രസ്സ് ഒന്നുകൂടി പിളര്‍ന്നു. ബാര്‍ അഴിമതിയുടെ മുഖ്യ കണ്ണിയെന്നും, ബജറ്റ് പോലും വിറ്റ് കാശാക്കിയ കശ്മലനെന്നും കുറ്റപ്പെടുത്തിയിരുന്ന മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പ്രസ്താവിച്ച സിപിഎം മാണിയുടെ പാര്‍ട്ടി പിളര്‍ത്തി. മാണിയുടെ മകന് ജോസ് കെ. മാണിയെ വശത്താക്കി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത് ഇതുമൂലമെന്ന് അവകാശപ്പെടാനും അവര്‍ക്ക് മടിയില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലും മുന്നണിയിലും വന്‍ കലഹമാണുണ്ടാക്കിയത്. അതിന്റെ വിഴുപ്പലക്കല്‍ തുടരുകയും ചെയ്യും. കോണ്‍ഗ്രസ്സിനകത്തെ വിഴുപ്പലക്കലിനിടയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് ശ്രമം തുടങ്ങി. എംപിയായി ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തന മണ്ഡലം സംസ്ഥാനത്തേക്ക് മാറ്റാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്.
മകന്റെ കള്ളപ്പണ ഇടപാടും മയക്കുമരുന്നു വ്യാപാരവും വന്‍ വിവാദമായപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പദവി ഒഴിയേണ്ടി വന്നത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി. ഡിസംബര്‍ 29 ന് ധനമന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകേണ്ടി വരുന്നതും പുതുമയുള്ളതാക്കുന്നു.
ഇതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും വിവാദമായ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പുറംലോകം അറിയാതിരിക്കാന്‍ സെക്രട്ടറിയേറ്റിലെ ഫയലു കത്തിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വലംകൈ ആയ മന്ത്രി കെ.ടി. ജലീല്‍ തലയില്‍ മുണ്ടിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് ഈ വര്‍ഷമാണ്. സംസ്ഥാന നിയമസഭാ സ്്പീക്കറും അവിഹിത ഇടപാടുകാരുമായി ഉണ്ടായതായി പറയുന്ന വിവാദവും വലിയ ചര്‍ച്ചയായി.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം മന്ത്ര്ിസഭ രാജിവച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഭരണമുന്നണിയിലെ അഭിപ്രായ ഭിന്നത ഉയര്‍ന്നു. കൂടാതെ രാജിവച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും അതിന് തടസ്സമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: