ഹിന്ദു ധര്‍മ്മനുസരിച്ച് ദേവാലയാരാധനാ കല്പനകള് മൂര്‍ത്തീ സങ്കല്‍പ്പങ്ങള്‍ക്കും ഭാവത്തിനും സ്ഥാനത്തിനും അനുസരിച്ചു വ്യത്യസ്ത രീതികൡലാണ്. പ്രതിഷ്ഠാ സങ്കല്പ്പങ്ങളിലുള്ള ഭേദം പോലും ആചരണത്തില്‍ പ്രതിഫലിച്ചു കാണാറുണ്ട്. എങ്കിലും ധര്മദേവതകളെയും ഗ്രാമദേവതകളെയും ഉപദേവതകളെയും പ്രതിഷ്ഠ നടത്തി ആരാധിക്കുവാന്‍ വിധമുള്ള സ്ഥാന നിര്‍ണയ രീതി ഗ്രന്ഥ വചനങ്ങളിലൂടെ സ്പഷ്ടമാണ്. പൊതുവേ ദേവാലയ നിര്‍മ്മാണത്തിന് ശുഭമായ ഭൂമി ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു.
തീര്ത്ഥസങ്കേതങ്ങളുടെ അടുത്തും, രണ്ട് നദികള്‍ കൂടുന്ന സ്ഥലത്തും, നദിയുടെ സമീപത്തും, കടല്‍ത്തീരത്തും, വനപ്രദേശത്തും, ഗ്രാമം, ദേശം എന്നിവിടങ്ങളിലും, മലയുടെ മുകളിലും, താഴ്വരയിലും,കൂടാതെ സജ്ജനങ്ങള്‍ വസിക്കുന്ന സ്ഥാനം, ആശ്രമം മുതലായ അനുകൂല സ്ഥലങ്ങളിലും ദേവാലയ നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി സ്വീകരിക്കാം.
ഇതുകൂടാതെ ഏത് ദേവാലയവും ഗ്രാമാദികളുടെ മദ്ധ്യത്തില്‍ നിര്മിക്കാവുന്നതാണ്. എന്നാല്‍ മഹാദേവന് ഈശാനകോണും സപ്ത മാതൃസങ്കല്പ്പങ്ങള്ക്ക് തെക്ക് ഭാഗവും, ഗണപതി, അയ്യപ്പന്, ശാസ്താവ്, കാളി എന്നീ ദേവതമാര്‍ക്ക് നിരൃതി കോണും പ്രധാനമായിട്ടുള്ളതാകുന്നു. ഗ്രാമാദികള്ക്ക് പറയപ്പെട്ടിരിക്കുന്ന ഈ നിയമം സാമാന്യമായി ക്ഷേത്രങ്ങളില്‍ ഉപദേവതാ സ്ഥാനം നിശ്ചയിക്കുന്നതിനും ആകാമെന്നും സമ്പ്രദായം നിലവിലുണ്ട്.
ക്ഷേത്രചുറ്റമ്പലത്തിനകത്തു ഈ വിധം സ്ഥാനം കല്‍പ്പിക്കാമെങ്കിലും, ശാസ്താവ്, അയ്യപ്പന് എന്നീ പ്രതിഷ്ഠകള്‍ ചുറ്റമ്പലത്തിനു പുറത്തു ചെയ്തു വരികയാണ് പതിവ്. അകത്തു നിരൃതി കോണില്‍ ഗണപതിക്കാണ് പ്രധാന സ്ഥാനം. വാഹനത്തിന് ദേവന്റെ മുന്നിലാണ് സ്ഥാനം. മഹാദേവന് പുറകിലായി പാര്‍വതിക്ക് സ്ഥാനം നല്‍കാം.
ഇപ്രകാരം വിഷ്ണുവിനു കിഴക്കും പടിഞ്ഞാറും സുബ്രഹ്മണ്യനും കുബേരനും വടക്കും സരസ്വതീദേവിക്കു മധ്യഭാഗത്തും, ദുര്‍ഗ്ഗയ്ക്ക് വായു കോണും മുഖ്യമാകുന്നു. ഗോശാല കൃഷ്ണനെ അഗ്നി കോണും, വടക്ക് ഭാഗവും, നിരൃതി കോണും വിശേഷങ്ങളാണ്. ഇതു കൂടാതെ വായുകോണിലും ഈശ കോണിലും പ്രതിഷ്ഠ ചെയ്തു കണ്ടിട്ടുണ്ട്. ജ്യേഷ്ഠാഭഗവതിക്ക് വായു കോണും പടിഞ്ഞാറും വടക്കും, ക്ഷേത്രപാലന് ഈശകോണും വടക്ക്, കിഴക്ക് ദിക്കുകളും യോഗ്യങ്ങളാണ്.
ഇത് കൂടാതെ ഉത്തര സപ്ത മാതൃക്കള്‍ക്കും കാളിക്കും പ്രതിഷ്ഠക്ക് വടക്കുഭാഗവുമാകാം. വിഷ്ണുവിനും സൂര്യനും കിഴക്കു ദിക്കും ശുഭം തന്നെ. ഇവകള്‍ കൂടാതെ നവഗ്രഹങ്ങള്‍ക്ക് ഈശാനവും സര്‍പ്പങ്ങള്‍ക്ക് നിരൃതിയും ശുഭം. ഇപറഞ്ഞവ സാമാന്യ നിയമെങ്കിലും ചിലയിടങ്ങളില്‍ പൂര്വാചാരമായി നിലനില്‍ക്കുന്നവയ്ക്ക് ഈ നിയമം ബാധകമല്ലെന്നറിയുക. വിധിയും ആചാരവും തമ്മില്‍ തര്‍ക്കം എങ്കില്‍ ആചാരത്തിനു പ്രാധാന്യമെന്നറിഞ്ഞു ചെയ്തു കൊള്ളണം.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: