കൊച്ചി: അടുത്ത കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍, ഇഎസ്ഐ ആരോഗ്യ പദ്ധതി കൂടുതല്‍ അസംഘടിത മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും ബിഎംഎസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിനു മുമ്പ് ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
തൊഴിലുറപ്പു പദ്ധതി വര്‍ഷം ഒരു കുടുംബത്തിന് 200 തൊഴില്‍ ദിനങ്ങളാക്കി വര്‍ധിപ്പിക്കണം. ഗ്രാമങ്ങള്‍ക്കു പുറമേ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുണമുണ്ടാകുംവിധം നഗരങ്ങളിലേക്കും വ്യാപിപ്പിക്കണം.
ഇപിഎസ് 95 പെന്ഷന് പദ്ധതിയില്‍ 64 ലക്ഷം സംഘടിത തൊഴിലാളികള്‍ അംഗങ്ങളാണ്. അവര്‍ക്ക് കൊവിഡ് കാലത്ത് പെന്ഷന് കിട്ടിയത് 1000 രൂപയാണ്. ഇത് 5000 ആയി ഉയര്‍ത്തണം. വര്‍ഷം അഞ്ച് ശതമാനം ഡിഎ വര്‍ധിപ്പിക്കണം. ഇഎസ്ഐ ആരോഗ്യ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അസംഘടിത മേഖലയില്‍ ഇതിന് സബ്സിഡി നല്‍കണം.
ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത സിനിമ, ടൂറിസം-ട്രാവല്‍, കൈത്തറി, സ്പോര്‍ട്സ്, ഹോട്ടല്‍, ഓട്ടോമൊബൈല്‍, കയറ്റുമതി മേഖലകള്‍ എന്നിവിടങ്ങളില്‍ ആവശ്യക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കണം.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ സംഘടിത മേഖലയില്‍ കൊവിഡിന് ശേഷം കരാര്‍ തൊഴില്‍ വ്യാപകമാകുന്നത് വരുംകാലത്തെ പ്രധാന വിഷയമാകും. തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം, കുറഞ്ഞ വേതനം, സാമ്പത്തിക സഹായം നല്‍കണം.ഉല്‍പ്പാദന മേഖലയില്‍ പുനരുദ്ധാരണത്തിന് സ്വദേശി നയങ്ങള്‍ നടപ്പാക്കണം.
വലിയ പങ്ക് തൊഴിലും ഇപ്പോള്‍ താല്ക്കാലികമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ കിട്ടാനുള്ള യോഗ്യത അഞ്ചുവര്‍ഷ സേവനം എന്നത് ഒരു വര്‍ഷം ആക്കണം.
ആയുഷ്മാന്‍ ഭാരത്, ശ്രമ് യോഗി മാന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികള്‍ക്കുള്ള നേട്ടം സ്ഥിരമാക്കാന്‍ നിയമ നിര്‍മാണം നടത്തണം. ബജറ്റ് വിഹിതവും നിശ്ചയിക്കണം. എല്ലാ പദ്ധതികള്‍ക്കും (സെസ് ഇല്ലാത്തവയ്ക്കും) ബജറ്റ് വിഹിതം നിശ്ചയിക്കണം.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കണം. പല സംസ്ഥാനങ്ങളും നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ ഫണ്ട് വകമാറ്റുന്നു. ഇത് തടയാന്‍ വ്യവസ്ഥ ചെയ്യണം.
അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ വേതനം കേന്ദ്രം വര്‍ദ്ധിപ്പിച്ചത് അഭിനന്ദനീയമാണ്. പക്ഷേ ചില സംസ്ഥാനങ്ങളേ നടപ്പാക്കിയിട്ടുള്ളൂ. അത് വേഗം നടപ്പാക്കാന്‍ മേല്‍നോട്ടം വഹിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങൡലും ഇഎസ്ഐ, ഇപിഎഫ് പദ്ധതികള്‍ അസംഘടിത മേഖലയിലും നടപ്പാക്കണം. ഉച്ചഭക്ഷണം തയാറാക്കുന്നവര്ക്കുള്ള വേതനം 1200ല്‍നിന്ന് 6000 ആക്കി ഉയര്‍ത്തണം.
ഏലം, കാപ്പി, തേയില, റബ്ബര്‍ കൃഷികള്‍ക്കും താങ്ങുവില നിശ്ചയിക്കണം. ഈ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം. പ്ലാന്റേഷന് തൊഴിലാളികള്‍ക്ക് ക്ഷേമ ഫണ്ട് അനുവദിക്കണം. പ്രധാനമന്ത്രി ആവാസ് യോജനയില്‍ പെടുത്തി പ്ലാന്റേഷന് താല്‍ക്കാലിക തൊഴിലാളികള്‍ക്കും ഭവനപദ്ധതി ആവിഷ്കരിക്കണം. പ്ലാന്റേഷന് മേഖലയില്‍ ജോലിക്കാര്‍ക്ക് വീടുവെക്കാന്‍ പട്ടയം അനുവദിക്കണം.
നാലരക്കോടി തൊഴിലാളികള്‍ ബീഡി മേഖലയിലുണ്ട്. ഇവര്‍ക്ക് ഇഎസ്ഐ, പിഎഫ് നല്‍കുക, ജിഎസ്ടി 28% ആയി കുറയ്ക്കുക, അനധികൃത ബീഡി നിര്‍മാണ കമ്പനികളെ നിരോധിക്കുക. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാത്തരം കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക. ഘട്ടങ്ങളായി വേണം നടപ്പാക്കാന്‍. പ്രായത്തിലും യോഗ്യതയിലും ഇളവുകള്‍ നല്‍കണം. സ്ഥിരമാക്കും വരെ അര്‍ഹമായ ബോണസ് നല്‍കണം.
എയര്‍ ഇന്ത്യയില്‍ 20 വര്‍ഷം കഴിഞ്ഞ 1500 ജീവനക്കാരെ സ്ഥിരപ്പെടുത്തുക. തുല്യജോലിക്ക് തുല്യവേതനം എന്ന നയം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം മുഖ്യതൊഴില്ദാതാവിലാക്കുക.
നേരിട്ടുള്ള വിദേശ നിക്ഷേപം, ഓഹരിവില്‍പ്പന, സ്വകാര്യവല്കരണം, കല്‍ക്കരി ഖനി വാണിജ്യവല്‍ക്കരണം, റെയില്‍വേ-ഡിഫന്‍സ് കോര്‍പ്പറേറ്റുവല്‍ക്കരണം, കരാര്‍ തൊഴില്‍, തൊഴിലവസരം തുടങ്ങിയ കാര്യങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പു നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല. ഇനി നീട്ടരുത്. ട്രേഡ് യൂണിയനുകളുമായി സാമ്പത്തിക നയകാര്യങ്ങളില്‍ ഗൗരവതരമായ ചര്‍ച്ച നടത്തണം.
സിവില്‍ സര്‍വീസ് കേഡര്‍ സംവിധാനം പോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ നിയമിക്കാന്‍ ബിസിനസ് മാനേജ്മെന്റ് കേഡറുണ്ടാക്കുക. തന്ത്രപരമായ സ്വകാര്യവല്കരണം, ഓഹരിവില്‍പ്പന, കോര്‍പ്പറേറ്റുവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ അതത് മേഖലയില്‍ ബന്ധപ്പെട്ടവരും ബിഎംഎസുമായി ചര്‍ച്ചകള്‍ക്ക് സംവിധാനം രൂപപ്പെടുത്തുക. പ്രതിരോധം, റെയില്‍വേ, ഷിപ്പിങ്, ഓയില്‍ മേഖല തുടങ്ങിയവയുടെ ഓഹരി വില്‍പ്പന ഉപേക്ഷിക്കുക.
വരുമാന നികുതി പരിധി 10 ലക്ഷമാക്കുക. 94 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. അവരെ മുന്‍നിര്‍ത്തിവേണം ബജറ്റ് തയാറാക്കാന്‍, ബിഎംഎസ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: