കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. സംസ്ഥാനത്ത് ബിജെപി ശക്തിപ്പെട്ടതോടെയാണ് ഒറ്റയ്്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമാകില്ലെന്ന് തിരിച്ചറിവിലാണ് സിപിഎമ്മുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും നിലനില്‍പ്പും പരുങ്ങലിലാണ്.
നിലവില്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനും എതിരായാണ് ഇത്തവണ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കുന്നത്. എന്നാല്‍ യുപിഎ ഘടകകക്ഷിയുടെ ഭാഗമാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇന്ന് അംഗീകാരം നല്കി’ എന്നായിരുന്നു ട്വീറ്റ്. ഓണ്‍ലൈന്‍ വഴി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി സഹകരിക്കാനായിരുന്നു കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി സഖ്യത്തിന് അനുമതി നല്‍കിയതിന് പിന്നാലെ തന്നെ ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇരു പാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചെങ്കിലും സീറ്റുനില സംബന്ധിച്ച് സഖ്യത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 2016ലും സഖ്യ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മത്സരിക്കാമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലും സിപിഎം 26 സീറ്റിലും മാത്രമാണ് വിജയിച്ചത്.
2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 294 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇത്തവണ ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപനം. ബംഗാളിന് പുറമെ കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: