തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളില്‍ ചുതലയേറ്റ് പുതിയ ജന പ്രതിനിധികള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തള്ളലും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്നേഹപ്രകടനങ്ങളും കൊണ്ട് ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് മിക്കയിടത്തും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും അതെല്ലാം പാളി. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ആവേശം കൂടുതല്‍. പുതുമുഖങ്ങള്‍ മിക്കവരും സത്യപ്രതിജ്ഞകാണാന്‍ ഉറ്റവരെയും കൂടെക്കൂട്ടി.
മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തകര്‍ മത്സരിച്ച് മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രതിനിധികളുടെ സ്ഥാനാരോഹണം ആഘോഷിച്ചത്. മിക്കവരും രാവിലെ തന്നെ ക്ഷേത്രത്തിലും പള്ളിയിലുമൊക്കെ പോയി പ്രാര്‍ത്ഥനക്ക് ശേഷമാണ് സത്യപ്രതിജ്ഞക്കെത്തിയത്. നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങളുള്ള പുതുമുഖങ്ങള്‍ ആദ്യമായി സ്കൂളിലെത്തിയ കുട്ടികളെപ്പോലെ അല്പം മടിച്ച് നിന്നപ്പോള്‍ പാര്‍ട്ടി ഭേദമില്ലാതെ മുതിര്‍ന്നവര്‍ തുണയായി. നടപടികള്‍ വിശദീകരിച്ചുകൊടുത്തു. മുന്നണി ഭേദമില്ലാതെ പരസ്പരം സൗഹൃദം പങ്ക് വെച്ചും മധുരം പങ്കിട്ടുമാണ് സത്യപ്രതിജ്ഞാ വേദികളില്‍ മിക്കയിടത്തും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
കോവിഡ് ബാധയെത്തുടര്‍ന്ന് ചാലക്കുടിയില്‍ ഒരു കൗണ്‍സിലര്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്. ചിലയിടത്ത് ബിജെപി അംഗങ്ങള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയത് കൗതുകമായി. കൊടുങ്ങല്ലൂരില്‍ എന്‍ഡിഎ കൗണ്‍സിലര്‍മാരെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആനയിച്ചത്. അതത് സ്ഥാപനങ്ങളുടെ വരണാധികാരിമാര്ക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകളുടേയും ചുമതല. ഏറ്റവും പ്രായംകൂടിയ അംഗത്തിന് വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് ആ അംഗം മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നുമുതല്‍ വാര്‍ഡ് ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.
കോര്പറേഷന് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 അംഗങ്ങളും ജില്ലാ കലക്ടര്‍ എസ.് ഷാനവാസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. 47-ാം ഡിവിഷന് പുല്ലഴി സ്ഥാനാര്‍ത്ഥിയായിരുന്ന എം. കെ. മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിച്ചത്. കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 20-ാം ഡിവിഷന് കാളത്തോട് നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ എം.എല്‍.റോസിക്ക് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പൂച്ചെണ്ടുകള്‍ നല്കി കലക്ടര്‍ അംഗത്തെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഒന്ന് മുതല്‍ ഡിവിഷന് ക്രമനമ്പര്‍ അനുസരിച്ച് എം എല്‍ റോസി മറ്റ് 53 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള രജിസ്റ്ററിലും മറ്റ് രേഖകളിലും അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ റോസിയുടെ അധ്യക്ഷതയില്‍ അനൗപചാരിക കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് മേയര്‍ തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം 2 മണിക്ക് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും. ഇതിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യത്തെ കൗണ്‍സില്‍ യോഗം ചേരും.
ജില്ലാ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി.എം അഹമ്മദ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 28 അംഗങ്ങള്‍ക്കും അഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴ് നഗരസഭകളിലും പതിനാറ് ബ്ളോക്ക് പഞ്ചായത്തുകളിലും 86 ഗ്രാമപഞ്ചായത്തുകളിലും ഇന്നലെ സത്യപ്രതിജ്ഞ നടന്നു. 28 നാണ് അധ്യക്ഷ സ്ഥാനത്തേക്കും ഉപാധ്യക്ഷ സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുക. 28 ന് രാവിലെ ഭരണ സമിതികള്‍ യോഗം ചേര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷസ്ഥാനത്തേക്കുമുള്ളവരെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: