കൊല്‍ക്കത്ത : ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലാക്കി വീണ്ടും കൊഴിഞ്ഞുപോക്ക്. നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിനെ തുടര്‍ന്ന് മമത ബാനര്‍ജി അടിയന്തിര യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കാന്തി ഉത്തര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ ബനാശ്രീ മൈറ്റിയാണ് പുതിയതായി രാജിവെച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയാണെന്നും ഇതോടൊപ്പം തന്നെ ഏല്‍പ്പിച്ച എല്ലാ പദവികളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും ബനാശ്രീ മമതയ്ക്ക് നല്കിയ രാജിക്കത്തില്‍ പറയുന്നുണ്ട്. സുവേന്ദു അധികാരിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹമില്ലാത്ത പാര്‍ട്ടിയില്‍ താനും നില്‍ക്കില്ലെന്നും ബനാശ്രീ അറിയിച്ചു. സുവേന്ദു അധികാരിയുടെ തീരുമാനം എന്താണോ അതുതന്നെയാകും തന്റേതുമെന്നും അവര്‍ അറിയിച്ചു.
മെദിനിപ്പൂര്‍ പുര്‍ബ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു ബനാശ്രീ. 2011ലും 2016ലും കാന്തി ഉത്തറില്‍ നിന്നും അവര്‍ വിജയിച്ചിട്ടുണ്ട്. വിജയിച്ച ബനാശ്രീ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിടെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ തൃണമൂല്‍ നേതാവാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. സുവേദു അധികാരിക്കൊപ്പം ഇവരും ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: