ന്യൂയോർക്ക്:- യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ പുതിയ എക്സിക്യൂട്ടിവ് ഡയറക്ടറായി സുധീർ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യു.എസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വമാണ് സുധീറിൽ നിക്ഷിപ്തമായിരിക്കുന്നത്.
2008 മുതൽ 2020 വരെ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ദീപക് ദേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്. ബോർഡിന്റെ താൽപ്പര്യങ്ങൾ സുരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടർ പറഞ്ഞു. സംഘടന, തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രത്യേക കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1981 – ലാണ് ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ആരംഭിച്ചത്. കെ.എം. മുൻഷിയായിരുന്നു
അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡോ.പി. ജയരാമനായിരുന്നു ആദ്യ എക്സിക്യൂട്ടിവ് ഡയറക്ടർ. മഹാത്മാ ഗാന്ധി ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഇന്ത്യൻ കല ,സംസ്കാരം, പൈതൃകം എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതും പ്രധാന ലക്ഷ്യങ്ങളായിരുന്നു. 40-ാം വാർഷികം ആഘോഷിക്കുന്ന 2021-ൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പുതിയ ഡയറക്ടർ അറിയിച്ചു. ഇന്ത്യയിൽ ഭാരതീയ വിദ്യാഭവന്റെ 119 സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: