ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം രംഗത്ത്. ഇമ്രാൻ ഖാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകരാണ് ഡിസംബർ 13ന് ലാഹോറിൽ ഒത്തുകൂടിയത്. ഇപ്പോഴത്തെ ഭരണത്തിൽ സൈനിക ഇടപെടലുകൾ വ്യാപകമാണെന്ന ആക്ഷേപവും സമരക്കാരുടെ മുദ്രാവാക്യത്തിൽ വ്യക്തമായിരുന്നു.
പാക്കിസ്ഥാനിലെ പതിനൊന്ന് രാഷ്ട്രീയപാർട്ടികൾ അണിനിരന്ന പ്രതിപക്ഷ മഹാസഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാട്ടിക് മൂവ്മെൻ്റ് ആണ് ലാഹോർ നഗരത്തെ സമരമുഖമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടിയത്. ഇമ്രാൻ ഖാനെതിരെയുള്ള സമര പരമ്പരയുടെ ആദ്യ നടപടിയെന്നോണമായിരുന്നു ഈ പ്രതിഷേധം. ജനുവരിയിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിപക്ഷ പാർട്ടികൾ കൂറ്റൻ സമരപരിപാടികൾ നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് ബേനസീർ ഭൂട്ടോ എന്നിവരുടെ പാർട്ടികളും സമരമുഖത്തെ പ്രധാനികളായിരുന്നു.
ഇരട്ട അക്ക നാണയപ്പെരുപ്പം, ദുർബല സമ്പദ്ഘടന, വ്യക്തി സ്വാതന്ത്ര്യം, മാധ്യമ സെൻസർഷിപ്പുകൾ എന്നിവകൾക്ക് മേലുള്ള കടുത്ത നിയന്ത്രണം എന്നിവയിൽ പ്രതിഷേധിച്ചുമാണ് സമരം നടന്നത്. ലാഹോറിൽ നടന്ന സമരം ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സമര നേതാക്കൾ പറഞ്ഞു. എന്നാൽ ഭരണം തുടരുമെന്നും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങൾക്ക് പിന്നിൽ വൻഅജണ്ടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതിക്കേസിൽ ജയിൽ വാസം വരെ അനുഭവിക്കേണ്ടിവന്ന നേതാവാണ് നവാസ് ഷെരീഫ്. ഇയാൾക്കെതിരെയുള്ള അഴിമതിക്കേസുകളുടെ ഗതി തിരിച്ചുവിടാനുള്ള തന്ത്രപൂർവ്വമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും നിരീക്ഷർ പറയുന്നു.
2017ലാണ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അഴിമതിക്കേസിൽ സുപ്രീകോടറതി കുറ്റക്കാരനെന്ന് വിധിച്ചത്. സുപ്രീം കോടതി നിർബന്ധപൂർവ്വം ഷെരീഫിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജിക്ക് ശേഷം ഒരു വർഷം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തുടർന്ന് വന്ന തെരഞ്ഞെടുപ്പിലാണ് പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നത്. 2019 മുതൽ ചികിത്സയുടെ പേരിൽ ലണ്ടനിലാണ് നവാസ് ഷെരീഫ് വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: