ന്യൂദല്‍ഹി: അന്‍പത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഹൈബ്രിഡ് രൂപത്തില്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. കൊറോണാ വൈറസിനെ ആധാരമാക്കിയുള്ള അന്താരാഷ്ട്ര കൊറോണവൈറസ് ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന, ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായി കാണാനാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അതേസമയം, ഉദ്ഘാടന, സമാപന പരിപാടികള്‍ ഗോവയില്‍ ഒരു ചെറു സദസ്സില്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ ഈ വര്‍ഷം 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിനെ ആസ്പദമാക്കി 108 രാജ്യങ്ങളില്‍നിന്നും 2800 ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു എന്നത് ജനങ്ങളുടെ മികച്ച പ്രതിഭയ്ക്ക് ഉദാഹരണമാണെന്ന് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രോത്സവ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ അക്ഷീണം പരിശ്രമിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വാക്സിന് ഉടന്‍ രാജ്യത്ത് ലഭ്യമാകും. എന്നാല്‍, ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുത് എന്നും കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.
ഇന്ത്യയെപ്പോലെ, ഒരു ബൃഹത് രാജ്യത്ത് കൊറോണ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം, മികച്ച രീതിയില്‍ സാധ്യമാക്കിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയെയും വകുപ്പിനെയുംകേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അഭിനന്ദിച്ചു.കൊറോണ വൈറസ് ചലച്ചിത്രമേളയിലൂടെ, ഒരൊറ്റ സ്ഥലത്ത് ഇത്രയധികം ഹ്രസ്വചിത്രങ്ങള്‍ കൊണ്ടുവന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: