ഡാളസ്: ഡാളസ് കൗണ്ടിയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്നതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. ഡിസംബര്‍ 12 ശനിയാഴ്ച മാത്രം 2,111 പോസിറ്റീവ് കേസുകളും, എട്ടു മരണവും സംഭവിച്ചതായി ജഡ്ജി ശനിയാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ആവറേജാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ശനിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഡാളസ് കൗണ്ടിയില്‍ 91 മരണം സംഭവിച്ചു. അമ്പതിനും അറുപതിനും വയസിനിടയിലുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. എട്ടുപേരേയും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാര്‍ച്ചിനുശേഷം ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 1,42,972 പോസിറ്റീവ് കേസുകളും, 15,364 പേര് ആന്റിജന്‍ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 12 വരെ കൗണ്ടിയില്‍ 1,27,768 പേര് രോഗവിമുക്തി നേടിയിട്ടുള്ളതായും ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് അറിയിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 4,520 സ്കൂള്‍ കുട്ടികളിലും , 681 സ്റ്റാഫ് അംഗങ്ങളിലും, 534 ഇതര ജീവനക്കാരിലും രോഗം സ്ഥിരീകരിച്ചിരുന്നു.കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതാണ് രോഗബാധിതരുടെ എണ്ണത്തിലെ വന്‍ വര്‍ധന കാണിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: