കാസര്‍കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അന്വേഷണമെത്തുകയും പിണറായിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരര്‍ റിമാന്റിലായതും, മന്ത്രി കെ. ടി ജലീലിനെ അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തത് എല്‍ഡിഎഫിനെയും ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം. സി. കമറുദ്ദീന് റിമാന്റിലായത് യുഡിഎഫിനെയും വേട്ടയാടുമ്പോഴാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുലേക്കുള്ള ജനവിധി നിര്‍ണ്ണയിക്കാന്‍ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതുന്നത്. അണികളുടെ കൊഴിഞ്ഞ് പോക്കും അഴിമതിയും കള്ളക്കടത്തും കാരണം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും എല്ലാം ചേര്‍ന്ന് ത്രിശങ്കു സ്വര്‍ഗ്ഗത്തിലകപ്പെട്ട അവസ്ഥയിലാണ് ഇടത് വലത് മുന്നണികള്‍. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ട് കിടക്കുന്ന അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യം സുപ്രീംകോടതി ശരിവെച്ചത്. ജില്ലയില്‍ പ്രചാരണ രംഗത്ത് ഓടി നടക്കേണ്ട മുസ്ലിം ലീഗ് നേതാവ് കമറുദ്ദീന് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വന്നതും ഇടത് വലത് മുന്നണികളുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് പോലും വ്യാപകമായി ആളുകള്‍ ദേശീയതയിലേക്ക് അണിചേര്‍ന്നതും ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലേക്കും മറ്റും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഉത്സവാന്തരീക്ഷത്തില്‍ ആത്മവീര്യത്തോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്‍ഡിഎ. ഇടത് ചെങ്കോട്ടകളെന്ന് അറിപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് വന്‍ തോതില്‍ ബിജെപിയിലേക്കുള്ള ഒഴുക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വവും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിക്കാന്‍ പോകുന്ന തിരിച്ചടികളുടെ സൂചനകളാണ്. അത് മണത്തറിഞ്ഞ് സിപിഎം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശ പത്രികള്‍ പിന്‍വലിപ്പിക്കുകയും ദേലംപാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും പ്രവര്‍ത്തകനെയും മാരകമായി അക്രമിക്കുകയും ചെയ്ത് വോട്ടര്‍മാരെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുകയാണ്. ശക്തിദുര്‍ഗമെന്ന് അവകാശപ്പെടുന്ന കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും ഇടത് മുന്നണിക്ക് ജനപിന്തുണ നഷ്ടമാകുന്നത് നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് വരെ ജില്ലയുടെ ഭരണം കൈയ്യാളിയ ഇടത് വലത് മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. തീരപ്രദേശത്താണെങ്കില്‍ ഉപ്പ് വെള്ളം കടലാക്രമണം തുടങ്ങിയ കാര്യങ്ങളിലും, മലയോരത്ത് വ്യാപകമായ രീതിയില്‍ വന്യമൃഗങ്ങളുടെ അക്രമണത്താലുണ്ടായ കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും, ടൂറിസം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ആശാവഹമായ പുരോഗതി കൈവരിക്കാന്‍ ഇടത് വലത് മുന്നണികളുടെ ഭരണത്തിന് സാധിച്ചിട്ടില്ല.
ടൂറിസം വികസനത്തിനായി രൂപീകരിക്കപ്പെട്ട ബിആര്ഡിസിയാകട്ടെ അവര്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ധൂര്‍ത്തടിച്ച് കളയുകയാണെന്ന ആരോപണമുണ്ട്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ജില്ലയിലെ വിനോദ സഞ്ചാര മേഖലകള്‍ ഇന്ന് അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. കാരണം നല്ല റോഡുകള്‍ ഇല്ലാത്തതിനാല്‍ ജില്ലയിലേക്ക് വരാന്‍ ടൂറിസ്റ്റുകള്‍ മടിച്ച് നില്ക്കുന്നു. ജില്ലാ താലൂക്ക് ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിലും കാസര്‍കോടിനായി പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇരുമുന്നണികളും അലംഭാവം കാണിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമാകുമെന്ന് പറഞ്ഞ് പ്രഖ്യാപിക്കപ്പെട്ട ജില്ലയുടെ ചിരകാലാഭിലാഷമായ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സയ്ക്കായി തട്ടിക്കൂട്ടി പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യപിച്ച സീറോ ലാന്റ്, സാമൂഹ്യ പെന്‍ഷനുകള്‍, ചികിത്സാ തുടങ്ങിയ പല പദ്ധതികളും നടപ്പാക്കുന്ന കര്യത്തില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാല്‍ കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് രോഗികളെ തെല്ലൊന്നുമല്ല വലച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പല കോഴ്സുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങളില്ലാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കാരണം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്സുകളോ, ഉള്ള കോഴ്സുകളില്‍ തന്നെ സീറ്റുകളും കുറവാണ്.
മലയോരത്തെ കാര്‍ഷിക മേഖലയില്‍ പ്രകൃതി ദുരന്തങ്ങളും വന്യമൃഗങ്ങളുടെ അക്രമണങ്ങളും കര്‍ഷകരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദേലംപാടി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി ദിവസങ്ങളോളം ഭീതിവിതക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനശിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് പ്രഖ്യപിക്കപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാര തുകകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മത്സ്യത്തൊളിലാളികള്‍ക്കായി അനുവദിക്കപ്പെട്ട പല കടാശ്വാസങ്ങളും ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രമായി അവശേഷിക്കുകയാണ്. സുനാമി ഫ്ളാറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കാസര്‍കോട് നഗരസഭ രാഷ്ട്രീയം കളിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. കടലാക്രമണ പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇടത് വലത് മുന്നണികള്‍ നടത്തിയത്. അതിന് ചുക്കാന്‍ പിടിക്കുന്നത് ലീഗിന്റെ പ്രമുഖരായ നേതാക്കന്മാരാണ്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണമെത്തുമെന്ന് ഭയന്ന ഇടതുമുന്നണി സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സിബിഐ അന്വേഷണത്തെയെതിര്ത്ത് സുപ്രീംകോടതി വരെ കേസ് വാദിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷണം സിബിഐ എറ്റെടുത്തത് പിണറായി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്.
കാസര്‍കോട് കലാപത്തില്‍ ലീഗിനുള്ള പങ്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിര്‍വ്വീര്യമാക്കുകയായിരുന്നു ലീഗ് നേതൃത്വം. അന്ന് എതിര്‍ത്ത് ഒരു വാക്ക് പോലും മിണ്ടാന്‍ പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതൃത്വം തയ്യാറായില്ല. എസ്ഡിപിഐ പോലുള്ള വിവാദ സംഘടനകളെ കൂട്ടുപിടിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ലീഗ് നേതൃത്വവും ഇതില്‍ ഒട്ടും പുറകിലല്ല. ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കോമാലി സഖ്യങ്ങള്‍ രുപീകരിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമ്പോള്‍ സത്യത്തില്‍ ജില്ലയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വികസന മുരടിപ്പ് തുടരുകയാണ്. വിവാദമായ കേസുകളില്‍ ലീഗിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വങ്ങളിലുള്ളവര്‍ പിടിക്കപ്പെടുമെന്ന ഘട്ടം വരുമ്പോള്‍ തേച്ച് മായിച്ച് കളയുന്ന ചരിത്രമാണ് ഇടത് വലത് മുന്നണികളുടെ ഭരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്. വികസനോന്മുഖമായ പാതയിലൂടെ ജില്ലയെ രാജ്യത്തിനൊപ്പം കൈപിടിച്ച് നടത്തുവാന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളില്‍ ബിജെപി അധികാരത്തില്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. 2015ല്‍ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച് നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎ വന്‍മുന്നേറ്റം നടത്തിയിരുന്നു. കൂടാതെ മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മടിക്കൈ, ബേഡഡുക്ക, പീലിക്കോട്, കയ്യൂര്‍ ചീമേനി, കോടോം ബേളൂര്‍ തുടങ്ങി ഇടത് വലത് മുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറി കഴിഞ്ഞിരിക്കുകയാണ്. അടിമുടി അഴിമതികളിലും, വിവാദങ്ങളിലും പെട്ട ഇടത് വലത് മുന്നണികളുടെ നേര്‍ക്കുള്ള ചരിത്രപരമായ വിധിയെഴുത്തായിരിക്കും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: