കോഴിക്കോട്: കോഴിക്കോടിന്റെയും കേരളത്തിന്റെയും വികസനം മുരടിപ്പിച്ച ഇടതു -വലതുമു ന്നണികള്‍ ക്കെതിരെ വിമര്‍ശനശരങ്ങളുമായി സുരേഷ് ഗോപി. എംപി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച കോര്പ്പറേഷന് സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇടതു വലതു മുന്നണികള്‍ക്ക് നേരെയുള്ള കൂരമ്പുകളായത്.
സുരേഷ് ഗോപി എംപിയുടെ പ്രസംഗത്തില്‍ നിന്ന്…
സ്കൂളുകളുടെ മുഖം മിനുക്കി എന്നാണ് ഒരു കോഴിക്കോട്ടുകാരന് പറയുന്നത്. എന്നാല്‍ അദ്ദേഹം വോട്ടു ചെയ്യാന്‍ പോകുന്ന സ്കൂളിന്റെ അവസ്ഥ എല്ലാവരും കണ്ടതാണ്.
രൂപീകരിച്ചതുമുതല്‍ ഇടതനാണ് കോഴിക്കോട് കോര്പ്പറേഷന് ഭരിക്കുന്നത്. ഇതുവരെ ബിജെപി ഭരിച്ചിട്ടില്ല. നന്മയുടെ നഗരം എന്ന് എസ്.കെ. പൊറ്റക്കാട് പറഞ്ഞ കോഴിക്കോട് നഗരത്തില്‍ എനിക്ക് കുടിക്കാനുള്ള വെള്ളം തന്നിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി. പറഞ്ഞെങ്കില്‍, ഇപ്പോഴും കുടിവെള്ളം നല്കുമെന്നാണോ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്. എന്ത് ബലമാണ് നിങ്ങളുടെ വാഗ്ദാനത്തിനുള്ളത്.
ഇവിടുത്തെ മേയറും എംപി ആകുംവരെ സമ്പര്‍ക്കമുണ്ടായിരുന്ന ആളാണ്. എംപി ആയതോടെ അദ്ദേഹം സമ്പര്‍ക്കം നിലപ്പിച്ചു. രാഷ്ട്രീയത്തിനതീതമായി സാധിക്കുന്ന വികസന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് സമീപിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല, അദ്ദേഹത്തിന് കെട്ടി ഇറക്കിയ എംപിയില്‍ വിശ്വാസം ഇല്ലായിരിക്കും. എന്നാല്‍ കെട്ടി ഇറക്കിയ എംപിയില്‍ വിശ്വാസമുള്ള ഒരു ഗ്രാമമുണ്ട് കേരളത്തില്‍. കല്ലിയൂര്‍ ഗ്രാമമാണത്, ബിജെപി ഭരിക്കുന്ന പഞ്ചായത്താണത്. സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പെടുത്തി അഞ്ചു കൊല്ലം കൊണ്ട് അവിടെ നടത്തിയ വികസനമെന്തെന്ന് വന്നാല്‍ കാണാം.
മൂന്നു വര്‍ഷമായി പേരാമ്പ്രയിലെ ഒരു കോളനിയിലേക്ക് താന്‍ കോണ്‍ക്രീറ്റ് റോഡ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. 2018ല്‍ സമ്മതപത്രം ഒപ്പിട്ട് കൊടുത്തു. എന്നാല്‍ പ്രവൃത്തി നടത്താതെ നീട്ടികൊണ്ടുപോവുകയാണ്. ഇപ്പോള്‍ നാട്ടുകാരെ കാണിക്കാന്‍ മെറ്റല്‍ ഇറക്കി അടുക്കിയിട്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുംവരെ ജനങ്ങള്‍ക്ക് പദ്ധതി ഉപകാരപ്രദമാകരുതെന്ന നികൃഷ്ട രാഷ്ട്രീയം കളിക്കുകയാണ്. നിഷേധം ജനതയ്ക്കാണ്. നിഷേധം കാണിക്കുന്നവരെ ജനാധിപത്യരീതിയില്‍ ഇല്ലാതാക്കണം. അത് തെരഞ്ഞെടുപ്പിലൂടെയാണ് ചെയ്യേണ്ടത്. അത് യുക്തിപരമായി, ഹൃദയപരമായി നിറവേറ്റണം.
കോഴിക്കോടിന്റെ വികസനത്തെപ്പറ്റി വലിയ കാഴ്ചപ്പാടുണ്ട്. ചുറ്റുമുള്ള സമൂഹത്തിനുകൂടി ഗുണപ്രദമായ സൗകര്യങ്ങളാണ് വേണ്ടത്. ചുറ്റുമുള്ളവരുടെ ജീവിതം അസ്വസ്ഥമാക്കുന്ന വികസനം ഒഴിവാക്കണം. വായു മലിനീകരിക്കാതെ, ജലമൊഴുക്ക് തടയാതെ ജനജീവിതം സുഗമമാക്കുന്നതരത്തില് വികസനം വേണം. അതാണ് നമ്മള് സ്വപ്നം കാണുന്ന കോഴിക്കോട്. വീട്ടുപടിക്കല്‍ ട്രെയിനെത്തണം, വീട്ടുപടിക്കല്‍ വിമാനമിറങ്ങണം എന്നിങ്ങനെയുള്ള ചിലരുടെമാത്രം വാശികള്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവരുത്.
ഒരു കാലത്ത് അനേകം വ്യവസായ സ്ഥാപനങ്ങള്‍ക്കു പേരുകേട്ട ജില്ലയായിരുന്നു കോഴിക്കോട്. കുന്നത്തറ ടെക്സ്റ്റെല്‍, കോംട്രസ്റ്റ് പോലുള്ള വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥ ഇന്നെന്താണ്. അവിടുത്തെ ജീവനക്കാരോട് കഴിഞ്ഞകാലത്തെക്കുറിച്ച് ചോദിക്കൂ. സിനിമാതാരങ്ങള്‍ കോംട്രസ്റ്റില്‍ പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുണ്ട്. 1995 ലോ 1996 ലോ കോംട്രസ്റ്റില്‍ പോയി വാങ്ങിയ നീലയും മഞ്ഞയും കലര്‍ന്ന രണ്ട് വലിയ ടര്‍ക്കി ടൗവലാണ് ഏറെക്കാലം ഞാനുമുപയോഗിച്ചത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആ ഗുണമേന്മയോട് കിടപിടിക്കാനാവില്ല. ആ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. രാഷ്ട്രപതി ഒപ്പിട്ട ബില്ലുണ്ടായിട്ടും തൊഴിലാളികള്‍ ദുരിതത്തിലാണ്. ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ രാഷ്ട്രപതിയെ കാണാന്‍ എം.കെ. രാഘവന് എംപി തയ്യാറുണ്ടോ. പ്രശ്നം പരിഹരിക്കാന്‍ പലരെയും ബന്ധപ്പെട്ടെങ്കിലും രാഷ്ട്രീയമാണെന്നുകരുതി ആരുംവന്നില്ല. അവര്‍ക്കെല്ലാം അന്ധമായ രാഷ്ട്രീയമാണുണ്ടായത്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കണമെങ്കില്‍ കോംട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളാണ് ഏക വഴി.
അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ കല്ലായിയിലെ മരവ്യവസായത്തിലേക്ക് പുതുംതലമുറവരും. അതും വികസനമാണ്. വികസനം മുടരിപ്പിച്ച സര്‍ക്കാരിനെ നിഷ്കാസനം ചെയ്യണം. ചിഹ്നങ്ങള്‍ ഇല്ലെന്ന് പറയാന്‍ തയ്യാറാകണം.
74 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയ്ക്ക് കോഴിക്കോട് കോര്‍പറേഷനിലുള്ളത്. അതില്‍ 40 പേരെയെങ്കിലും വിജയിപ്പിച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് എന്താണ് നഗരഭരണമെന്ന് തെളിയിക്കാം. കോഴിക്കോട് കോര്പ്പറേഷന് പിടിക്കുമെന്നല്ല പറയുന്നത്. കോഴിക്കോട് കോര്പറേഷന് താമരക്കുട്ടന്മാര് നയിക്കുന്ന ഭരണത്തിലേക്ക് വരും. അവര്‍ ജനങ്ങള്‍ക്ക് സ്വീകാര്യമതികളാവും. അടുത്ത അഞ്ചുവര്‍ഷം അവരെ നേരെ നടത്താന്‍ ഒരു ചൂരല്‍വടിയുമായി ഞാനും പിറകെയുണ്ടാവും. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: