കോട്ടയം: കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. 50 ശതമാനം പേര് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം 14 ശതമാനം മാത്രമാണ്. കാര്‍ഷിക ഉത്പാദനം ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെക്കുറവാണ്. ഇത് ബോധ്യമായതിനാലാണ് കാര്‍ഷിക ഉത്പാദനം ഇരട്ടിയിക്കാന് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഗ്രികള്‍ച്ചറല്‍ പ്രോഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസി) എന്നത് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. അതിന്റെ പരിമിതികള്‍ എടുത്ത് കളയുകയാണ് ചെയ്തത്. പ്രത്യേക ചന്തകളില്‍ (മണ്ഡി) മാത്രമെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്ക്കാന് സാധിക്കൂയെന്ന അവസ്ഥയാണ് വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍. ഇതിനായി കമ്മീഷന് ഏജന്റുമാരുമുണ്ട്. അതിനാല്‍, കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിയമം.
നെല്ലിന്റെ താങ്ങുവില 2014ല്‍ 1310 രൂപയായിരുന്നത് 2020ല്‍ 1868 ആയി. ഇരുപത്തിയെട്ടോളം വസ്തുക്കള്‍ക്ക് താങ്ങുവില നല്‍കുന്നുണ്ട്. അതില്‍ ചിലതിന് 300 ശതമാനം വരെ ലഭിക്കുന്നു. 2015ല്‍ 23 ലക്ഷം കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചപ്പോള് 2020ല്‍ 124 ലക്ഷം കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ സാധിച്ചു. ഗോതമ്പ് 20 ലക്ഷത്തില്‍ നിന്ന് 43 ലക്ഷം പേരില്‍ നിന്ന് സംഭരിക്കാന്‍ സാധിച്ചു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: