മെല്‍ബണ്‍ : ന്യൂസിലാന്‍ഡില്‍ 51 പേരെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ഓസ്ട്രേലിയന്‍ വംശജന് ഇന്ത്യയില്‍ മൂന്ന് മാസം താമസിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളിലായി 51 പേരെ വെടിവെച്ചു വീഴ്ത്തിയ ബ്രന്റന് ടാറന്റ് എന്ന പ്രതി ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളതായി അന്വേഷണ റിപ്പോര്‍ട്ടിലാണ് പറയുന്നത്.
2019 മാര്‍ച്ച് 15നു ബ്രന്റന് നടത്തിയ വെടിവെയ്പില്‍ അഞ്ച് ഇന്ത്യക്കാരും മരിച്ചിരുന്നു. കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് ഇയാള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ 2015ല്‍ ഇന്ത്യയിലെത്തി മൂന്ന് മാസം താമസിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധപ്പെട്ടതിനെക്കുറിച്ചോ പരിശീലനം നേടിയതിനെക്കുറിച്ചോ സൂചനയില്ല. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും ബ്രന്റന് കണ്ടിരുന്നു.
2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ ബ്രന്റന് ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന, ജപ്പാന്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. 2014നും 2017നും ഇടയിലാണ് ബ്രന്റന് ലോകയാത്ര നടത്തിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം തങ്ങിയത് ഇന്ത്യയിലാണ്.
ചെറുപ്പം മുതല്‍ വംശീയ വിദ്വേഷ ചിന്തകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. കുടിയേറ്റം പാശ്ചാത്യ ലോകത്തിനു ഭീഷണിയാണെന്ന ചിന്താഗതിക്കാരനാണ്. ആക്രമണം നടത്തണമെന്ന് ഉറപ്പിച്ചാണ് ന്യൂസീലന്‍ഡിലേക്ക് ബ്രന്റന് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റില്‍ ബ്രന്റന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: