പൂഞ്ച് (ജമ്മു കശ്മീര്‍): അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സൈനികര്‍ നല്‍കിയത് സ്നേഹോഷ്മളമായ പരിചരണം. പാക് അധിനിവേശ കശ്മീരില്‍ നിന്ന് 17, 13 വയസ്സുള്ള പെണ്‍കുട്ടികളാണ് അബദ്ധത്തില്‍ അതിര്‍ത്തികടന്ന് ഇന്ത്യന്‍ ഭാഗത്തെത്തിയത്.
പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെത്തുടര്‍ന്ന് സുരക്ഷാ സേനയെത്തി വിവരം തിരക്കുകയായിരുന്നു. അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് ഇരുവരും വ്യക്തമാക്കി. തുടര്‍ന്നാണ് ഇരുവരെയും തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും സമ്മാനങ്ങളും നല്കി സ്നേഹത്തോടെ സൈന്യം അവരെ വീടുകളിലേക്ക് മടക്കി.
വഴിതെറ്റി അതിര്‍ത്തി കടന്നെത്തിയ തങ്ങളെ സൈന്യം ഉപദ്രവിക്കുമെന്ന് പേടിച്ചിരുന്നുവെന്ന് ലൈബ സബൈറും സന സബൈറും പറഞ്ഞു. എന്നാല്‍ നല്ല രീതിയിലാണ് അവര്‍ പെരുമാറിയത്. തങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കില്ലായെന്നാണ് വിചാരിച്ചത്. വളരെ നല്ലയാളുകളാണ് ഇവിടെയുള്ളത്. അവര്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവുമെല്ലാം നല്കി. നല്ല ആളുകളാണ് ഇവിടെ താമസിക്കുന്നത്, പെണ്‍കുട്ടികള്‍ പറഞ്ഞു.
കശ്മീരിലെ കഹൂത തഹ്സില്‍ അബ്ബാസ്പൂര് ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. പൂഞ്ചിലെ ചാക്കാന്‍ ഡാ ബാഗ് ക്രോസിങ്ങിലൂടെ ഇവരെ തിരിച്ചയച്ചുവെന്ന് ആര്‍മി പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: