തിരുവനന്തപുരം: സ്വര്ണടക്കടത്തുമായി ബന്ധമുണ്ടെന്ന് കോടതി സൂചിപ്പിച്ച ഉന്നതന് സ്പീക്കര്‍ ശ്രീരാമകൃഷ്ണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തിയത്. മന്ത്രിമാരും സ്പീക്കറും സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു.
പാലാരിവട്ടം പാലം കേസ് നല്ല രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ അകത്താവും. നിലവില്‍ രണ്ട് എംഎല്‍എമാര്‍ അറസ്റ്റിലാണ്. ഇനിയും കൂടുതല്‍ പേര് അറസ്റ്റിലാവും. വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ഇരുമുന്നണികള്‍ക്കും അവകാശമില്ല. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് കേരളത്തില്‍ ഉള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രന്.
കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളതെന്ന് സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്കാന് തയ്യാറായിട്ടില്ല.
കേസിലെ ഉന്നതന് ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന് പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാംമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സ്വപ്നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത് ആരൊക്കെയാണെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തെറ്റ് പറ്റിപോയെങ്കില്‍ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തയ്യാറാകണം. അത് കാണിക്കാതെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: