തൃശൂര്‍: കാര്‍ഷിക മേഖലയായ ജില്ലാ പഞ്ചായത്ത് അമ്മാടം ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. ചാഴൂര്‍, പാറളം (14 വാര്‍ഡുകള്‍), താന്ന്യം (12 വാര്‍ഡുകള്‍), ചേര്‍പ്പ് (1 വാര്‍ഡ്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അമ്മാടം ഡിവിഷന്. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വികസന പദ്ധതികളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും പറയുന്നു. കോള്‍പ്രദേശം ഉള്‍പ്പെട്ട ഡിവിഷനെ ജില്ലാ പഞ്ചായത്ത് പൂര്‍ണമായും അവഗണിച്ചു. കൃഷി-വ്യവസായ മേഖലകളില്‍ നൂതന പദ്ധതികളൊന്നും ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടില്ല.
കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തി. കേന്ദ്ര പദ്ധതികളെ അവഗണിക്കുകയും കേന്ദ്ര ഫണ്ടുകള്‍ ലാപ്സാക്കുകയും ചെയ്തു. ആരോഗ്യമേഖലയില്‍ കാര്യമായ ഇടപടലുകളുണ്ടായില്ല. കൃഷിയ്ക്ക് ഉപകാരപ്രദമായ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയിട്ടില്ല. കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിവിഷനിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഡിവിഷനുകളിലുള്ളത്. ഗ്രാമീണ മേഖലയില്‍ റോഡുകളെല്ലാം ശോചനീയാവസ്ഥയിലാണെന്നും നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ ഷീല വിജയകുമാറാണ് നിലവില്‍ അമ്മാടം ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* സമസ്ത മേഖലകളിലും വികസന മുരടിപ്പ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല
* കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങളില്ല
* ജലസേചന പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ കോള്‍കര്‍ഷകര്‍ ദുരിതത്തില്‍
* ഡിവിഷനിലെ പല പ്രദേശങ്ങളിലും വര്‍ഷക്കാലത്തു പോലും ശുദ്ധജല ക്ഷാമം
* കരുവന്നൂര്‍ പുഴയോടനുബന്ധിച്ചുള്ള കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്തില്ല
* ആരോഗ്യമേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു. ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിന് ചികിത്സാസംവിധാനങ്ങളില്ല
* അമ്മാടം ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം
* പട്ടികജാതി കോളനികള്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ ശോചനീയാവസ്ഥയില്‍
* പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരം. സാധാരണക്കാര്‍ ചികിത്സയ്ക്കായി സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി
* ആലപ്പാട് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. രോഗികള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കുന്നില്ല
* ഡിവിഷനിലെ ഗ്രാമീണ റോഡുകളുടെ സ്ഥിതി ശോചനീയം. ഗതാഗതയോഗ്യമല്ലാതെ നിരവധി റോഡുകള്‍ തകര്‍ന്നു കിടക്കുന്നു
* മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷം. കാനകളുടെയും തോടുകളുടെയും ശുചീകരണം നടന്നിട്ടില്ല
* സ്കൂളുകളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിയുണ്ടായിട്ടില്ല
* നിരവധി അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളില്‍
* കലാ-കായിക രംഗത്ത് വികസന പദ്ധതികള്‍ നടപ്പാക്കിയില്ല. കലാ-കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമുണ്ടായില്ല
എല്‍ഡിഎഫ് അവകാശവാദം
* കാര്‍ഷിക മേഖലയില്‍ 2 കോടി രൂപയുടെ വികസനം നടപ്പാക്കി
* പാറളം,മൂന്ന് സെന്റ്,വെണ്ണൂറായ്,പിണ്ടാട്ടി,മുള്ളക്കര പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് മൊത്തം ഒരു കോടി രൂപ അനുവദിച്ചു
* 50 ലക്ഷം രൂപ ചെലവഴിച്ച് അമ്മാടം-മുള്ളക്കര ചിറ ജലസേചന പദ്ധതി നടപ്പാക്കി
* പള്ളിത്തോട് റോഡ് നിര്‍മ്മാണം 50 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തിയാക്കി. മുള്ളക്കര-ചേനം റോഡ് 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു
* വിവിധ സ്കൂളുകളുടെ അറ്റകുറ്റപണികള്‍ക്ക് ഒരു കോടി രൂപ നല്കി
* പെരിങ്ങോട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* ആലപ്പാട് പ്രൈമറി സ്കൂള്‍ കവാടം നിര്‍മ്മിക്കല്‍, ഗ്രൗണ്ട് നവീകരണം, ക്ലാസ് മുറികള്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചു
* താന്ന്യം നളന്ദ സ്കൂളില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* പാറളത്ത് ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്തി സംഭരിക്കുന്ന പദ്ധതി 50 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി
* കോള്‍ പടവുകളിലേക്ക് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു
* അന്തിക്കാട് പടവ് നവീകരണത്തിന് 10 ലക്ഷം രൂപ നല്കി. ആലപ്പാട് പള്ളിപുറംകോള് ബണ്ട് സൈഡ് കെട്ടി സംരക്ഷിച്ചു
* പാറളത്ത് വനിതാ സാംസ്കാരിക നിലയം നിര്‍മ്മിച്ചു. ചാഴൂരില്‍ ഷീപാഡ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി
* പെരിങ്ങോട്ടുകര ബോധാനന്ദ വായനശാല നവീകരണത്തിന് 20 ലക്ഷം രൂപ നല്കി
* സ്കൂളുകള്‍ക്ക് വെന്റിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്തു
* ചാഴൂരില്‍ 40 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ കെട്ടിടം നിര്‍മ്മിച്ചു. ഉല്പാദന-സംസ്കരണ- വിപണന കേന്ദ്രം തുടങ്ങി
* താന്ന്യം പഞ്ചായത്തില്‍ ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപ നല്കി
* ചാഴൂരില്‍ മൊത്തം 20 ലക്ഷം രൂപ ചെലവില്‍ 2 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* ചിറക്കളം റോഡ് 15 ലക്ഷം രൂപ വിനിയോഗിച്ചും കൂട്ടാലക്കുന്ന് -വെങ്ങിണിശേരി റോഡ് 10 ലക്ഷം രൂപ ചെലവഴിച്ചും നിര്‍മ്മിച്ചു
* ചെമ്മാപ്പിള്ളി തൂക്കുപാലം നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: