കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി. എ. സക്കീര്‍ ഹുസൈന് പത്തു വര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികളുടെ അനധികൃത സ്വത്ത്. സക്കീര്‍ ഹുസൈനെതിരെയുള്ള അച്ചടക്ക നടപടിയില്‍ സിപിഎം ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സക്കീര്‍ ഹുസൈനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചു. അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കിയിരിക്കുന്നത്.
സക്കീര്‍ ഹുസൈന്റെ വിദേശയാത്രകളിലും ദുരൂഹതയുണ്ട്. ആറു തവണയാണ് സക്കീര്‍ ബാങ്കോക്കിലേക്ക് പോയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള സക്കീര്‍ മയക്കുമരുന്നിന്റെ കേന്ദ്രമായ ബാങ്കോക്കിലേക്ക് നടത്തിയ യാത്രയില്‍ ദുരൂഹത നിഴലിക്കുന്നു. സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോര്‍ട്ടിലുള്ളത്. രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന് 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്.
2016ല്‍ നടത്തിയ വിദേശയാത്ര സക്കീര്‍ ഹുസൈന് മറച്ചുവച്ചു. പാര്‍ട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുബായ്യിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലേക്കാണ് സക്കീര്‍ ഹുസൈന് പോയതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങിയില്ല. സക്കീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കളമശേരി ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടനാവീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പോലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണ വിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്.
ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവന് നല്കിയ പരാതിയില്‍ സംസ്ഥാനസമിതി അംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്. മുരളീധരന് എന്നിവരടങ്ങുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് സക്കീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 2016ല്‍ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ അറസ്റ്റിലാവുകയും, ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടി അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനം തിരികെ നല്കി. ഇതു കൂടാതെ നിരവധി പരാതികള്‍ സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സക്കീറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും, കോടിക്കണക്കിന് രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പില്‍ ബന്ധമുള്ളതെല്ലാം വിവാദമായിരുന്നു. സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരുമ്പോഴും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇയാളെ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: