കോട്ടയം: മതന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്പ്പിച്ചെത്തുന്നത് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ജന്മഭൂമിയോട് പറഞ്ഞു. ന്യൂനപക്ഷ ജനവിഭാഗത്തില്‍പ്പെടുന്ന നിരവധി പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കിയത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി എത്തും.
ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായി താമര ചിഹ്നത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്നവര്‍ ജനവിധി തേടുന്നത് ഇരുമുന്നണികളിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു. ഇടത്- വലത് മുന്നണികള്‍ ബിജെപി പേടി കുത്തിവച്ചാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി നിര്‍ത്തിയിരുന്നത്. ഇവരുടെ അജണ്ട ഇനി വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ ജനക്ഷേമ പദ്ധതികളാണ്.
കിസാന്‍ സമ്മാന്‍ നിധി തന്നെയാണ് ഇതില്‍ പ്രധാനം. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വിവിധ പദ്ധതികളിലൂടെ പണമെത്തിക്കൊണ്ടിരിക്കുന്നു. 12 രൂപയ്ക്കും 360 രൂപയ്ക്കും ഇന്‍ഷുറന്‍സുകള്‍, ദാരിദ്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചക വാതക കണക്ഷന്, വൈദ്യുതി കണക്ഷന് തുടങ്ങി പാവപ്പെട്ടവര്‍ക്കായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
രാജസ്ഥാന് മരുഭൂമിയടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സ്ഥലങ്ങളിലേക്കും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള ജല്‍ ജീവന് മിഷനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റവും പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന ജനക്ഷേമപദ്ധതി. ഈ പദ്ധതികളുടെ എല്ലാ ഗുണങ്ങളും ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
ക്രിയാത്മകമായ പ്രതിപക്ഷം പോലുമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇടത്-വലത് മുന്നണികള്‍ക്ക് സ്വന്തം ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ഭയമാണ്. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ ഇരട്ടിയും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഒന്നര ഇരട്ടിയുമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നവുടെ എണ്ണം. ബിജെപിയുടെ സംശുദ്ധമായ രാഷ്ട്രീയം ജനം തിരിച്ചറിയുകയാണ്. ആദര്‍ശം വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ജനം മനസിലാക്കിക്കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: