കൊച്ചി: സിപിഎം കളമശേരി മുന്‍ എരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സക്കീര്‍ ഹുസൈന് വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയെന്നും കളമശേരി മേഖലയില്‍ പത്തുവര്‍ഷത്തിനിടെ നാലു വീടുകള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കാരണമായ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്.
സക്കീര്‍ ഹുസൈന് തുടര്‍ച്ചയായി സ്ഥലവും വീടും വാങ്ങിക്കൂട്ടുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നത് അറിഞ്ഞുകൊണ്ടു 2018-ല്‍ 76 ലക്ഷം രൂപയ്ക്ക് പുതിയൊരു വീടുകൂടി വാങ്ങിയെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. സക്കീര്‍ ഹുസൈന്റെ സമ്പാദ്യങ്ങളെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തി. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്കാണ് പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കിംഗ് മേക്കറായി പാര്‍ട്ടിയില്‍ വിലസിയിട്ടും നടപടിയെടുക്കാനായില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടി പുറത്താക്കിയത്. അതിനിടെ സക്കീര്‍ ഹുസൈന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്(ഇഡി) പരാതി ലഭിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: