കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ നല്കിയ മൊഴിയില്‍ പ്രധാനികളുടെ പേരുള്ളതായി സൂചന. സ്വപ്ന സുരേഷും പി.എസ്. സരിത്തും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍കോടതിയില്‍ നല്കിയ മൊഴിയില്‍ വമ്പന്‍ ശ്രാവുകള്‍ എന്ന് വിശേഷിപ്പിച്ച് ചില പ്രധാനികളുടെ പേര് വിവരങ്ങള്‍ നല്‍കിയതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ഇത് കൂടാതെ സ്വമേധയാ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനു പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്ക് കൂടി ബന്ധമുണ്ടെന്ന് സരിത്തും സ്വപ്നയും കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കോടതിയില്‍ ഇരുവരും രഹസ്യമൊഴി നല്കാന് തീരുമാനിച്ചത്.
തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. അതിനുശേഷം, ഈ മൊഴികള്‍ അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതുപൂര്‍ത്തിയായാല്‍ സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകാന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.
അതേസമം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രപരിരക്ഷയുടെ മറവില്‍ കോടികളുടെ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. നൂറു കോടിയുടെ കള്ളപ്പണം ഡോളറായി ഗള്ഫിലേക്കെത്തിച്ചതായാണ് വിവരം. കസ്റ്റംസ് സംഘത്തിന് മുമ്പാകെ സ്വപ്നയും സരിത്തും നല്കിയ പുതിയ മൊഴികളിലാണ് കള്ളപ്പണത്തിന്റെ ഒഴുക്കുസംബന്ധിച്ച വിവരങ്ങളുള്ളത്. കേരളത്തിലെ പ്രമുഖരായ ചിലര്‍ അഴിമതികളിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശത്ത് നിക്ഷേപിക്കുകയായിരുന്നെന്നാണ് സൂചന.
എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത് എന്നിവര്‍ നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുണ്ട്. കേസുമായി ബന്ധപ്പെട്ടവരെ ഇവര്‍ക്കൊപ്പം ഇരുത്തി ചോദ്യംചെയ്യുകയാണിപ്പോള്‍. കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെക്കുറിച്ചറിയാന് കോണ്‍സുലേറ്റിലെ മുന്‍ ഗണ്മാന് ജയ്ഘോഷ്, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരെ കസ്റ്റംസ് കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തു. ഇരുവര്‍ക്കും സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്തബന്ധമുണ്ടായിരുന്നു. ഡോളര്‍ക്കടത്തിന് ഇരുവരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: