തൃശൂര്‍ : ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ ജില്ലാ വ്യവസായ വികസന ഓഫീസര്‍ ബിന്ദു എസ് നായരെ സംരക്ഷിച്ചിരുന്നത് സിപിഎം നേതൃത്വം. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്, മന്ത്രി എ.സി.മൊയ്തീന് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് സസ്പെന്‍ഷനിലായിരുന്ന ബിന്ദു പണം തിരിച്ചടക്കാതെ തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ലിക്വിഡേഷനിലായ തൃശൂര്‍ ടൗണ്‍ വനിതാവ്യവസായ സഹകരണ സംഘത്തിന്റെ 19 ലക്ഷം രൂപയാണ് ബിന്ദു തന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയത്. കളവ് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും തുക തിരിച്ചടക്കുന്നതിന് മുന്‍പ് മന്ത്രിമാര്‍ ഇടപെട്ട് സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. വനിതാവ്യവസായ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായിരിക്കുമ്പോഴാണ് ബിന്ദു തുക സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. സഹകരണസംഘത്തിന്റെ സ്ഥലം കോര്പ്പറേഷന് ഏറ്റെടുത്തതിനെ തുടര്‍ന്ന് വിലയായ 22.8 ലക്ഷം രൂപ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ പല വഴിവിട്ട ഇടപാടുകള്‍ക്കും സഹായം നല്‍കിയിരുന്ന ഉദ്യോഗസ്ഥയായിരുന്നു ബിന്ദു.
തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചു വിട്ട് ഇന്ത്യന്‍ കോഫി ഹൗസ് പിടിച്ചെടുക്കാന്‍ സി.പി.എം നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. കോഫി ഹൗസില്‍ അഡ്മിനിസ്ത്രേറ്റരായിരിക്കെ ബിന്ദു സമരത്തിന് നേതൃത്വം നല്കിയ ജീവനക്കാരെ വിദൂര ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുകയും ഫയലുകള്‍ സിപിഎം നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തത് വിവാദമായിരുന്നു. തൊഴിലാലികളുടെ ശക്തമായ ചെറുത്ത് നില്പ്പിനെതുടര്ന്നാണ് അന്ന് സിപിഎം ശ്രമം പാളിയത്. മന്ത്രി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കോഫി ഹൗസില്‍ ബിന്ദു ഇത്തരം നീക്കങ്ങള്‍ നടത്തിയത്.
വനിതാവ്യവസായ സഹകരണ സംഘത്തിന്റെ തട്ടിയെടുത്ത 19 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. ക്രമക്കേട് കാണിച്ചത് ക്രിമിനല്‍ കുറ്റമായതിനാലാണ് അറസ്റ്റ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്. നിലവില്‍ വടകരയിലെ വ്യവസായ കേന്ദ്രത്തില്‍ ഇന്റസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായാണ് ബിന്ദു ജോലി ചെയ്യുന്നത്. പത്തനംതിട്ട അടൂര്‍ ഏഴംകുളം സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: